കോഴിക്കോട്: പട്ടാപ്പകൽ ഡോക്ടറെ ആശുപത്രിയിൽ കയറി വെട്ടിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് നാട്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും പണിമുടക്കിയതോടെ രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗം പോലെ അവശ്യസർവീസുകൾ പ്രവർത്തിച്ചെങ്കിലും ഒ.പി. ഉൾപ്പെടെ മറ്റ് സേവനങ്ങളെല്ലാം നിറുത്തിയതോടെ രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. ഡോക്ടറെ വെട്ടിയ സംഭവം ആതുരസേവന രംഗത്തുള്ളവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മാദ്ധ്യമ, പൊതു പ്രവർത്തകരടക്കം നിരവധി പേർ തടിച്ചുകൂടി. ഓഗസ്റ്റ് 14നാണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരൻ പിന്നീട് രോഗമുക്തി നേടി.
അനയയ്ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചപ്പോൾ സനൂപ് ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. മകൾക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നായിരുന്നു സനൂപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. '20 കുട്ടികൾ കുളിക്കുന്ന കുളമാണ്. അങ്ങനെയെങ്കിൽ എല്ലാവർക്കും രോഗം വരേണ്ടേ. അവൾക്ക് മാത്രം വരുമോ. ഒരുദിവസം മാത്രംകൊണ്ട് എങ്ങനെയാണ് ഈ അമീബ വരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെ'', എന്നായിരുന്നു സനൂപ് അന്ന് പ്രതികരിച്ചത്.
ഡോക്ടറെ ആക്രമിച്ചതിൽ പരിക്കേൽപ്പിച്ചതിൽ കെ.ജി.എം.ഒ പ്രതിഷേധിച്ചു. വന്ദനദാസ് സംഭവത്തെ തുടർന്ന് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ചില നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ മേജർ ആശുപത്രികളിലെ സുരക്ഷയ്ക്ക് സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിമുക്തഭടന്മാരുടെ നിയമനം ഉറപ്പു വരുത്തുകയും വേണം.
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക
ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകുക.
അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക.
പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുക.
എല്ലാ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കുക.
ചികിത്സാ വിവരങ്ങൾ കിട്ടാത്തതിലും പക
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് മരിച്ച അനയയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കിട്ടിയില്ലെന്നും സനൂപും കുടുംബവും ആരോപിക്കുന്നു. മെഡിക്കൽ കോളേജിൽ നിന്ന് കിട്ടേണ്ട മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാര്യങ്ങളുൾപ്പെടെ ചെയ്തുകൊടുത്തിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
ഇവരുടെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്നുമെടുത്ത ജല സാംപിളിലെ അമീബയും കുട്ടിയുടെ മരണത്തിന് കാരണമായ അമീബയും തമ്മിൽ വ്യത്യാസമുണ്ടെന്നുള്ള വിവരം സനൂപിന് ലഭിച്ചിരുന്നുവത്രെ. ഇത് ആശുപത്രിയധികൃതർ നിഷേധിക്കുന്നു. കുളമെന്ന് പറയാൻ പറ്റാത്ത അഴുക്കുവെള്ളമുള്ള കുഴിയിലാണ് കുട്ടി കുളിച്ചിരുന്നതെന്ന് അവർ വ്യക്തമാക്കി. ഇതുൾപ്പെടെ രോഗസാദ്ധ്യതയുള്ള സാഹചര്യങ്ങളുണ്ടായിരുന്നു.
ഗവ.ആശുപത്രികളിൽ ഇന്ന് കാഷ്വാലിറ്റി മാത്രം
കോഴിക്കോട്: ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ എല്ലാ ഗവ. ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള എല്ലാ സേവനങ്ങൾ ഇന്ന് പൂർണമായും നിറുത്തിവയ്ക്കാൻ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) തീരുമാനിച്ചു. സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സമയബന്ധിതമായി പരിഹാരം ഉണ്ടാവുന്നില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിറുത്തിവെച്ചുകൊണ്ടുള്ള പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ആശുപത്രി ആക്രമങ്ങൾ തടയാൻ സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ, ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജി. ജോസഫ് എന്നിവർ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ വീഴ്ച: യൂത്ത് കോൺഗ്രസ്
താമരശ്ശേരി: താലൂക് ഹോസ്പിറ്റലിലെ ഡോക്ടർക്ക് വെട്ടേറ്റത് ആരോഗ്യവകുപ്പ് തകർന്നതിന്റെ ഫലമായാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അപര്യാപ്തത ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുന്നുണ്ട്. ആക്രമണം നടത്തിയ വ്യക്തിയുടെ മകൾ മരിക്കാനിടയായ സാഹചര്യമുണ്ടായതും പിതാവ് ആക്രമണം നടത്തിയതും ആരോഗ്യവകുപ്പിലെ അനാസ്ഥയും പിടിപ്പുകേടും മൂലമാണ്. ആശുപത്രിയുടെ പ്രവർത്തനത്തിൽ ജനങ്ങൾ നിരാശരാണ്. അവർ പ്രകോപിതരാകുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടേണ്ട സർക്കാർ പരാജയപ്പെട്ടുവെന്നും പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇനിയെങ്കിലും ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു. എം.പി.സി ജംഷിദ്, കാവ്യ വി.ആർ, അൻഷാദ് മലയിൽ, രാജേഷ് കോരങ്ങാട്, പി.ഹാദി തുടങ്ങവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |