മലപ്പുറം: വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചത് 3,669.7 കിലോ ഇ-മാലിന്യം. ആകെ 33,117 രൂപയാണ് പുനരുപയോഗിക്കാൻ സാദ്ധ്യമായ ഇ-മാലിന്യങ്ങൾക്ക് പൊതുജനങ്ങൾക്ക് പ്രതിഫലമായി നൽകിയത്. ജില്ലയിലെ 12 നഗരസഭകളിലെ 344 വാർഡുകളിൽ നിന്നാണ് ഇ-മാലിന്യം ശേഖരിച്ചത്. പെരിന്തൽമണ്ണ, പൊന്നാനി നഗരസഭകളിൽ നിന്നും ശേഖരിച്ച ഇ-മാലിന്യങ്ങൾ എത്രയെന്ന് കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ ശേഖരിച്ചത് നിലമ്പൂർ നഗരസഭയിൽ നിന്നാണ്, 1,390.3 കിലോ. കുറവ് ശേഖരിച്ചത് കൊണ്ടോട്ടി നഗരസഭയിൽ നിന്നാണ്, അഞ്ച് കിലോ. ജില്ലയിൽ ലഭിച്ചവയിൽ കൂടുതലും ടെലിവിഷനുകളാണ്.
ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെ അതത് നഗരസഭകളുടെ നേതൃത്വത്തിലാണ് ജൂലായ് 15 മുതൽ പദ്ധതി ആരംഭിച്ചത്. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിനനുസരിച്ച് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച പ്രകാരമുള്ള തുക ഹരിത കർമ സേനാംഗങ്ങൾ കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നോ നൽകും. തുടർന്ന്, കമ്പനി ഇ-മാലിന്യങ്ങൾ നഗരസഭകളിൽ നിന്ന് ഏറ്റെടുത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് പണം നൽകും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യങ്ങൾക്കാണ് പണം ലഭിക്കുക
അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് കിലോഗ്രാം നിരക്കിൽ വില നൽകി ശേഖരിക്കുന്നത്. നഗരസഭകൾക്ക് കീഴിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത ഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
നിലമ്പൂർ - 1,390.3 കിലോ
കോട്ടക്കൽ -839.3 കിലോ
താനൂർ - 691.4 കിലോ
പരപ്പനങ്ങാടി - 200 കിലോ
മഞ്ചേരി - 190 കിലോ
വളാഞ്ചേരി - 162.7 കിലോ
തിരൂർ - 150 കിലോ
തിരൂരങ്ങാടി - 28 കിലോ
മലപ്പുറം - 18 കിലോ
കൊണ്ടോട്ടി - 5 കിലോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |