ശിവഗിരി : ആലുവ അദ്വൈതാശ്രമത്തോട് ചേർന്ന് ഗുരുദേവൻ സമ്പാദിച്ചതും ആലുവ അദ്വൈതാശ്രമം കരമടയ്ക്കുന്നതുമായ ഭൂമി അനധികൃതമായി കൈയ്യേറി കൈവശപ്പെടുത്തുന്നതിനു കുറെ വർഷങ്ങളായി ആലുവ നഗരസഭ കൈകൊണ്ടുവരുന്ന ഗുരുദ്രോഹപരമായ നിലപാടിൽ ശിവഗിരിയിൽ ചേർന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ആലുവ അദ്വൈതാശ്രമം പിൻതുടരുന്ന ഗുരുവിന്റെ സർവ്വമത സമന്വയ ദർശനവും പ്രവർത്തനങ്ങളും നഗരസഭ ഉൾക്കൊണ്ട് ഗുരുദേവ സന്ദേശ പ്രചരണത്തിൽ സഹകാരികളാകുന്നതിനു പകരം ആശ്രമം ഭൂമി കൈയ്യേറാൻ നടത്തുന്ന ഗൂഢനീക്കങ്ങളിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ, ഗുരുധർമ്മ പ്രചരണസഭ തുടങ്ങിയ മുഴുവൻ ഗുരുദേവ പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുദേവ ജയന്തി, -മഹാസമാധി പ്രമാണിച്ച് ആശ്രമത്തിനുള്ളിൽ പ്രദർശിപ്പിച്ചിരുന്ന മഞ്ഞക്കൊടി തോരണങ്ങളും ഗുരുദേവ ചിത്രം ആലേഖനം ചെയ്തിരുന്ന ബോർഡുകളും വിസർജ്യ കൂമ്പാരത്തിൽ നിക്ഷേപിച്ചും ഗുരുദേവനെയും ഗുരുദേവ പ്രസ്ഥാനത്തെയും ആക്ഷേപിച്ചുമുള്ള നഗരസഭയുടെ നടപടി പൊറുക്കാനാകാത്തതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായ ധർമ്മചൈതന്യ സ്വാമിയെ അവമതിച്ചും, സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയുമുള്ള നഗരസഭയുടെ പ്രവർത്തനത്തിനെതിരെ ശ്രീനാരായണീയ സമൂഹം ഒന്നിക്കണം..
ഇപ്പോൾ ആശ്രമം ഭൂമി മതില്‍ കെട്ടിത്തിരിച്ച് ഗുരുദേവ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. സമാധാനം കാംക്ഷിക്കുന്ന ഏവരും അദ്വൈതാശ്രമത്തിന്റെ നയങ്ങളോടും കർമ്മപരിപാടികളോടും ഒപ്പമുണ്ടാകണമെന്നു ബന്ധപ്പെട്ട വരെ അറിയിക്കുകയാണ്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് ആർക്കും ഭൂഷണമല്ല. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുഖ്യമന്ത്രി, റവന്യൂ മന്ത്രി തദ്ദേശ മന്ത്രി,യു.ഡി.എഫ് കൺവീനർ, ജില്ലാ കളക്ടർ എന്നിവർക്ക് നല്‍കിയ നിവേദനത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സി പി.എം.സി.പി.ഐ., ബി.ജെ.പി. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി നിരവധി സംഘടനകൾ നഗരസഭയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |