ശിവഗിരി : ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച ശ്രീശാരദാദേവി സന്നിധിയിൽ നവരാത്രി ആഘോഷങ്ങൾക്ക് ദീപം തെളിഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗുരദേവൻ കലാസാഗരമായിരുന്നെന്നും ഗുരുവിന്റെ കൃതികളിൽ സംഗീതത്തിലെ മാത്രകൾ നിറഞ്ഞുനിൽക്കുന്നതായും സ്വാമി പറഞ്ഞു. ഒട്ടേറെ കലാപ്രതിഭകൾക്ക് ശാരദാദേവി സന്നിധിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനും നവാഗതർക്ക് അരങ്ങേറ്റം കുറിക്കുന്നതിനും അവസരം ഒരുക്കുകയാണ് ശിവഗിരി മഠം ചെയ്തുവരുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. പൗരാണിക ക്ഷേത്രസങ്കല്പങ്ങളിൽ നിന്ന് കാലാനുസരണമായി ക്ഷേത്രസങ്കല്പങ്ങളെ നവീകരിക്കാൻ ശ്രീനാരായണഗുരുദേവന് കഴിഞ്ഞെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുള്ള സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു സ്വാമി. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ കെ.ടി.സുകുമാരൻ, ശിവഗിരി മഠം പി.ആർ.ഒ ഇ. എം. സോമനാഥൻ, നവരാത്രി ആഘോഷ കമ്മിറ്റി കോ ഓർഡിനേറ്റർ അജയകുമാർ എസ്. കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
സംവിധായകൻ ദീപു കരുണാകരൻ നവരാത്രി ദീപം തെളിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി സുകൃതാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി വിരജാനന്ദ തുടങ്ങിയവരും പങ്കെടുത്തു. ഒക്ടോബർ 2 ന് വിദ്യാരംഭദിനം വരെ രാവിലെ മുതൽ രാത്രി വരെ കലാപരിപാടികളും ഭക്തിഗാന സദസ്സുകളും സംഗീതാർച്ചനകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |