കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി. ഇന്നലെ 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. രാജ്യത്തേക്ക് ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയും രജിസ്‌ട്രേഷനും നടക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ പരിശോധന. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് ഇഡി അറിയിച്ചത്.
കോയമ്പത്തൂർ ആസ്ഥാനമായി വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഈ വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലക്ക് വിൽക്കുകയായിരുന്നു. ഫെമ - 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി നടപടി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിനിയുടെ ലാൻഡ് ക്രൂയിസർ കാർ കഴിഞ്ഞ ദിവസം അടിമാലിയിലെ വർക്ക് ഷോപ്പിൽ നിന്നും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |