പാറ്റ്ന: എസി കോച്ചിൽ ടിടിഇയുമായി തർക്കിക്കുന്ന അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. യുവതിയുടെ കൈവശം എസി കോച്ചിൽ യാത്ര ചെയ്യാൻ ആവശ്യമായ ടിക്കറ്റ് ഇല്ലായിരുന്നു. ടിടിഇ ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. ഏത് ട്രെയിനിലാണ് സംഭവം നടന്നത്? ആരാണ് ആ യുവതി തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
റാഞ്ചി - ഗോരഖ്പൂർ എക്‌സ്‌പ്രസിലാണ് സംഭവം നടന്നത്. സിവാനിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപികയായ ഖുശ്ബു മിശ്രയാണ് ടിടിഇയോട് തർക്കിച്ചത്. യുവതി ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് തന്റെ ജന്മനാടായ ദിയോറിയയിലേക്ക് പോകവേയാണ് സംഭവമുണ്ടായത്.
ടിടിഇയുമായുള്ള വാഗ്വാദത്തിന് ശേഷം യുവതി തന്റെ കുടുംബാംഗങ്ങളെ ദിയോറിയ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ശേഷം ടിടിഇയെ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത്രയും ഗൗരവമായ സംഭവമായിരുന്നിട്ട് കൂടി 990 രൂപ പിഴയടപ്പിച്ച് യുവതിയെ വിട്ടയച്ചു.
റെയിൽവേ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടും എന്തുകൊണ്ടാണ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തതെന്ന് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ (ഐ ആർ ടി സി എസ് ഒ) ചോദ്യം ചെയ്തു. യുവതിക്കും ബന്ധുക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാത്ത അധികൃതരെ ഐ ആർ ടി സി എസ് ഒ രൂക്ഷമായി വിമർശിച്ചു. അദ്ധ്യാപികയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് ടിടിയുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |