തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് സഭയിൽ പ്രകോപനമുണ്ടാക്കിയതെങ്കിൽ ഇന്നലെ മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളുമാണ് പ്രകോപനം സൃഷ്ടിച്ചതെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷം തോറ്റുമടങ്ങില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
മന്ത്രിമാരും ചില എം.എൽ.എമാരും നടത്തിയ സഭ്യേതര പരാമർശങ്ങൾ സ്പീക്കർ കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന്സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എം. വിൻസെന്റിനെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവച്ച് ശ്വാസ തടസമുണ്ടാകുന്ന സ്ഥിതിയായി. സനീഷ് കുമാർ ജോസഫിന് മുറിവേറ്റു. വാച്ച് ആൻഡ് വാർഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാൻ സ്പീക്കർ ശ്രമിച്ചത്. ഭിന്നശേഷിക്കാരെ കേട്ടാൽ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജൻ അപമാനിച്ചു. നിലവാരം കുറഞ്ഞ പരാമർശം നടത്തി. മന്ത്രി ഗണേശ്കുമാർ വ്യക്തി വിരോധം തീർക്കാൻ കെ.എസ്.ആർ.ടി.സി ഐ.എൻ.ടി.യു.സി തൊഴിലാളി യൂണിയൻ പ്രസിഡന്റായ എം. വിൻസെന്റിനെ കുറിച്ച് തെറ്റായ പരാമർശം നടത്തി.
മന്ത്രിമാരായ രാജേഷും രാജീവും തുടരെത്തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമർശങ്ങളാണ് നടത്തുന്നത്.
2019ലാണ് എല്ലാ കുഴപ്പങ്ങളും നടന്നതെന്നാണ് മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റും പറഞ്ഞത്. അന്ന് മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനാണ്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും പങ്കുണ്ട്. സത്യം പുറത്തുവരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സസ്പെൻഷൻ
ഗൂഢാലോചന
പത്തനംതിട്ട : യു.ഡി.എഫ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത് സർക്കാരും സ്പീക്കറും ഗൂഢാലോചന നടത്തിയാണെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സി.പി.എമ്മുകാരെപ്പോലെ സഭാ നടപടികൾ തടസപ്പെടുത്തുന്ന ഒരു അക്രമവും യു. ഡി.എഫ് കാട്ടിയില്ല. പ്രതിപക്ഷാംഗങ്ങളെക്കാൾ കൂടുതൽ വാച്ച് ആൻഡ് വാർഡിനെയാണ് വിന്യസിച്ചത്. അവർക്കിടയിൽ കുടുങ്ങി എം.എൽ.എമാർക്ക് പരിക്കേൽക്കുകയാണ് ചെയ്തത്. ആദ്യമായാണ് ഒരു സ്പീക്കർ പ്രതിപക്ഷത്തിന്റെ ബാനർ പിടിച്ചെടുത്ത് വലിച്ചുകീറാൻ നിർദ്ദേശിക്കുന്നത്. എത്രയോ തവണ ബാനറും പ്ലക്കാർഡുകളുമായി സി.പി.എം നിയമസഭയിൽ പ്രകടനം നടത്തിയിട്ടുണ്ട്. അക്രമത്തിനും അനീതിക്കും കവർച്ചയ്ക്കും എതിരായ ശബ്ദം ഇല്ലാതാകില്ല, അത് കേരളം മുഴുവൻ അലയടിക്കാൻ പോകുകയാണ്.നിയമസഭയ്ക്ക് പുറത്തേക്ക് സമരം വ്യാപിപ്പിക്കും.
വി.ഡി.സതീശന്
കടകംപള്ളിയുടെ
വക്കീൽ നോട്ടീസ്
ശബരിമലയിലെ ദ്വാരപാലകശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശത്തിനെതിരെ നിയമനടപടിയുമായി കടകംപള്ളി.
പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി അഭിഭാഷകൻ രാജഗോപാലൻ നായർ വഴി അയച്ച വക്കീൽ നോട്ടീസിൽ അറിയിച്ചു. ദ്വാരപാലക പാളികൾ കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ആരോപിച്ചിരുന്നു.
കടകംപള്ളിയുടെ
നോട്ടീസ് നേരിടും
കടകംപള്ളി സുരേന്ദ്രന്റെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടും. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മിൽ അന്നും ഇന്നും നല്ല ബന്ധമുണ്ട്. ആർക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടതെന്ന് സതീശൻ പ്രതികരിച്ചു.
സസ്പെൻഷൻ
ഗൂഢാലോചന:
സണ്ണിജോസഫ്
തിരുവനന്തപുരം: ചീഫ് മാർഷലിനെ ആരും മർദ്ദിച്ചിട്ടില്ലെന്നും പ്രതിപക്ഷ എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതിന് പിന്നിൽ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. മർദ്ദനം നടന്നാൽ കാണില്ലേ? മർദ്ദനമേറ്റ വ്യക്തി അസ്വസ്തതകൾ പ്രകടിപ്പിക്കില്ലെ? അതൊന്നും ഉണ്ടായില്ല. പകരം സഭ നിറുത്തിവച്ച് ചേംബറിൽ പോയി ഗൂഢാലോചന നടത്തിയ ശേഷമാണ് ചീഫ് മാർഷലിന് പരിക്കേറ്റെന്ന് പ്രഖ്യാപിക്കുന്നത്. സമാനരീതിയിൽ നേരത്തെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്ന് ആശുപത്രിയിൽ ഡോക്ടർമാരുടെ പരിശോധനയിൽ കളവാണെന്ന് ബോദ്ധ്യപ്പെട്ടു. ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകും. അതിന്റെ തുടക്കമാണ് പത്തനംതിട്ടയിൽ നടക്കുന്ന വിശ്വാസസംഗമവും മണ്ഡലംതലത്തിലുള്ള പ്രതിഷേധ ജ്വാലകളും.
വിവാദ പരാമർശവുമായി
പി.പി. ചിത്തരഞ്ജനും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശാരീരിക അധിക്ഷേപത്തിനു പിന്നാലെ നിയമസഭയിൽ വിവാദ പരാമർശവുമായി പി.പി. ചിത്തരഞ്ജൻ ‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു പരിഹാസം. ചോദ്യോത്തരവേളയിലായിരുന്നു പരാമർശം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം ഉയരക്കുറവിനെ പരിഹസിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയിൽ സഭ്യേതര പരാമർശം നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പരാമർശങ്ങൾ തടയാൻ സ്പീക്കർ ശ്രമിച്ചില്ലെന്നും യു.ഡി.എഫ് സഭ ബഹിഷ്കരിച്ചശേഷം സതീശൻ കുറ്റപ്പെടുത്തി.
ചിത്തരഞ്ജന്റെ പരാമർശം
നീക്കാൻ സ്പീക്കർക്ക് കത്ത്
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ പരാമർശം പിൻവലിച്ച് സഭയിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ എ.പി.അനിൽകുമാർ സ്പീക്കർക്ക് കത്തുനൽകി. സഭാ രേഖയിൽ നിന്ന് അദ്ദേഹത്തിന്റെ അധിക്ഷേപ പ്രസ്താവന നീക്കണമെന്നും ആവശ്യപ്പെട്ടു. സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |