കോട്ടയം:ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ പാസ്റ്റർ അറസ്റ്റിൽ. മുളങ്കുഴ ജാസ് ആർക്കേഡ് ഹരിപ്രസാദ് (പാസ്റ്റർ നമ്പൂതിരി,45) നെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മുതൽ ഇയാൾ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഒഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് വിവിധ ആളുകളിൽ നിന്ന് പണവും സ്വർണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്. ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനിയായ യുവതിയുമായി ഇയാൾ കഴിഞ്ഞ എട്ട് മാസമായി തമിഴ്‌നാട്, ബംഗളൂരു, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കൊല്ലം കപ്പലണ്ടി മുക്കിലെ ഫ്ലാറ്റിൽ ഒളിവിൽകഴിയവെയാണ് ഇന്നലെ പുലർച്ചെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണർകാട് സ്വദേശിനിയിൽ നിന്ന് 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സാജു വർഗീസിന്റെ നിർദ്ദേശാനുസരണം മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിന് നേതൃത്വം നൽകി. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വിവിധ സ്റ്റേഷനുകളിലുണ്ട്. സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ വിവിധ ഇടങ്ങളിലായി മാറിമാറി വാടകയ്ക്കും മറ്റുമായി താമസിക്കുന്നതാണ് രീതി. വിശദമായ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |