കൊച്ചി: സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ കാന്റീൻ-ഡയറ്ററ്റിക് ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കും. 14ന് കെട്ടിടത്തിന്റെ തറക്കല്ലിടും. ഒരു വർഷത്തിൽ പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. കൊച്ചിൻ ഷിപ്‌യാർഡ്, ബി.പി.സി.എൽ എന്നിവയ്‌ക്കൊപ്പം ഹൈബി ഈഡൻ എം.പി.യുടെ ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് നിർമ്മാണം.
കിടപ്പുരോഗികളുടെ ഭക്ഷണം തീരുമാനിക്കുന്നതും നൽകുന്നതും വിഭാഗത്തിന്റെ ചുമതലയാകും. ആറ് ഡയറ്റീഷ്യൻമാരെ നിയമിക്കും. കാന്റീൻ ഉൾപ്പെടെ മൂന്ന് നിലകളിലാണ് ഡയറ്ററ്റിക് ബ്ലോക്ക്. 'ന്യൂട്രീഷ്യൻ ആൻഡ് തെറാപ്യൂട്ടിക് ഡയറ്ററ്റിക് വിഭാഗം' എന്ന പേരിലാകും അറിയപ്പെടുക. കാന്റീൻ ജീവനക്കാർ ഉൾപ്പെടെ 30 പേരുമുണ്ടാകും.
3.21 കോടിയുടെ മറ്റ് വികസനം
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു സമീപമുള്ള സ്ഥലങ്ങൾ ടൈലിട്ട് ഉയർത്തുന്ന ജോലികളും പാർക്കിംഗ് ഏരിയ സജ്ജമാക്കലും പുരോഗമിക്കുകയാണ്. ഡ്രെയിനേജ് സംവിധാനങ്ങൾ, ആശുപത്രി കാഷ്വാലിറ്റിയുടെ മുമ്പിൽ വരുന്ന ആംബുലൻസുകൾക്ക് പിന്നോട്ടെടുക്കാതെ ആശുപത്രിയുടെ അടുത്ത ഗേറ്റിലേക്ക് എത്താനുള്ള റോഡ് എന്നിവയും പൂർത്തീകരണ ഘട്ടത്തിലാണ്.
ആശുപത്രിയുടെ ആറ് കവാടങ്ങളിലും വലിയ കമാനങ്ങളും നിർമ്മിക്കുന്നുണ്ട്. സമീപ ജില്ലകളുടെ ആശ്രയ കേന്ദ്രമെന്ന നിലയിൽ രോഗികൾക്ക് അതിവേഗ പ്രവേശനത്തിനും പുറത്തേക്ക് പോകലിനും വേണ്ടിയാണിത്. നവീകരണം, നിർമ്മാണം എന്നിവ പി.ഡബ്ല്യു.ഡി. ഫണ്ടിൽ നിന്നാണ്. രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സൗകര്യങ്ങളിങ്ങനെ
താഴത്തെ നിലയിൽ കാന്റീൻ
ഒന്നാം നിലയിൽ ഡയറ്ററ്റിക് വിഭാഗം
രണ്ടാം നിലയിൽ ജീവനക്കാരുടെ താമസം
ഡയറ്ററ്റിക് ബ്ലോക്ക് വരുന്നതോടെ ഇവിടെയെത്തുന്ന രോഗികളുടെ ഭക്ഷണ ക്രമം കുറച്ചുകൂടി കൃത്യമായി ക്രമീകരിക്കപ്പെടും.
ഡോ.ആർ. ഷഹീർഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |