ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാകിസ്ഥാന്റെ നടപടി അപലപനീയമാണെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മുത്താഖി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ ഇപ്പോള്‍ ഒരു ഭീകര സംഘടനയും പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അത്തരക്കാരെ തുടച്ച് നീക്കാന്‍ താലിബാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ടെന്നും അതില്‍ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്നും താലിബാന്‍ ആരോപിച്ചു. ഏതുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറാണ് എന്നാല്‍ പാകിസ്ഥാന്‍ ആദ്യം സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണെമന്നും അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു.
തീവ്രവാദ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പാകിസ്ഥാന്റെ രീതി തെറ്റാണ്. ഇങ്ങനെയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ ആര്‍ക്കെങ്കിലും ആക്രമണം നടത്തണമെന്ന് തോന്നിയാല്‍ അവര്‍ അമേരിക്കയോടും സോവിയറ്റ് യൂണിയനോടും നാറ്റോ സഖ്യത്തോടും ചോദിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും മുത്താഖി പറഞ്ഞു.
ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ് അഫ്ഗാനിസ്ഥാന് ഉള്ളതെന്നും രാജ്യത്ത് ഭൂകമ്പം ഉണ്ടായ സമയത്ത് ആദ്യം ഓടിയെത്തിയത് ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. അഫ്ഗാന്‍ ഇന്ത്യയെ അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനത്തിലും വ്യാപാര, മാനുഷിക ബന്ധങ്ങളിലും അടിയുറച്ച ഒരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുത്താഖി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |