തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ കവർച്ചാ വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, 2019ൽ അട്ടിമറിക്ക് കൂട്ടുനിന്ന ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയടക്കം അന്വേഷിക്കണമെന്നാണ് ആവശ്യം. ബോർഡ് അധികൃതരുടെയും മറ്റുള്ളവരുടെയും പ്രേരണ, ഗൂഢാലോചന എന്നിവയും അന്വേഷിക്കണം. ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാറാണ് ഇന്നലെ വൈകിട്ട് നാലരയോടെ പരാതി നൽകിയത്.
ബോർഡ് യോഗം 14ന്
ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി 14ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നതടക്കം ചർച്ചയാകും. മഹസറിൽ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |