കോഴിക്കോട്: പ്രതിപക്ഷ യു.ഡി.എഫ് അംഗത്തിന് നേരെ സ്ഥിരംസമിതി അംഗത്തിന്റെ 'മാലിന്യം' പരാമർശം നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ വാക്കേറ്റത്തിനിടയാക്കി. 'ശബ്ദമാലിന്യം' എന്നാണ് താൻ പറഞ്ഞതെന്ന് സ്ഥിരംസമിതി അംഗം മലക്കം മറിഞ്ഞതോടെ വാക്കേറ്റം കനത്തു. വിവാദ പരാമർശം പിൻവലിക്കണമെന്നും മാപ്പു പറയണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മേയർ ബീന ഫിലിപ്പിന്റെ ഡയസിൽ പ്രതിഷേധിച്ചു. വാക്കേറ്റം തുടർന്നതോടെ മേയർ പാർട്ടി ലീഡർമാരെ പത്ത് മിനിറ്റ് ചർച്ചയ്ക്ക് വിളിപ്പിച്ചു. ഒടുവിൽ സ്ഥിരംസമിതി അംഗം ഖേദം പ്രകടിപ്പിച്ചു.
ഉറവിട മാലിന്യസംസ്‌കാരണവുമായി ബന്ധപ്പെട്ട് കൗൺസിലിൽ വിമർശനമുന്നയിച്ച വലിയങ്ങാടി കൗൺസിലർ എസ്.കെ അബൂബക്കറിന് നേരെയാണ് ഭരണകക്ഷിക്കാരായ ഇടത് കൗൺസിലറും ധനകാര്യ സ്ഥിരം സമിതി അംഗവുമായ ഒ.സദാശിവൻ 'ഈ മാലിന്യം സംസ്കരിക്കാൻ വഴിയില്ലേ ’ എന്ന് പ്രയോഗിച്ചത്. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു. അബൂബക്കറിന്റെ ശബ്ദമുയർന്നതിനെ സദാശിവൻ ശബ്ദമാലിന്യമെന്ന രീതിയിൽ പറയുകയായിരുന്നെന്നും മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ ഇത് അംഗീകരിച്ചില്ല. സദാശിവന് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് മേയർ വ്യക്തമാക്കി. ' ഏതൊരു വ്യക്തിയേയും അംഗീകരിക്കുന്നയാളാണെന്നും എസ്.കെ അബൂബക്കറിനെ മാലിന്യമെന്ന് വിളിച്ചിട്ടില്ലെന്നും സദാശിവൻ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ ഇത് മുഖവിലക്കെടുക്കാതെ പ്രതിഷേധിച്ചു. തുടർന്ന് സദാശിവൻ ഖേദം പ്രകടിപ്പിച്ചു.
ഇ.എം.എസ് സ്‌റ്റേഡിയം ; പരിപാലനം കെ.എഫ്.എയ്ക്ക്
കോർപ്പറേഷന്റെ കീഴിലുള്ള ഇ.എം.എസ് സ്‌റ്റേഡിയത്തിന്റെ പരിപാലന ചുമതല കേരള ഫുട്‌ബോൾ അസോസിയേഷന് നൽകാൻ തീരുമാനം. മൂന്ന്‌ലക്ഷം രൂപയും ജി.എസ്.ടിയുമുൾപ്പെടെ സ്‌റ്റേഡിയം ഉപയോഗിക്കുന്നതിന് വാർഷിക ഫീസ് ഈടാക്കാനും തീരുമാനമായി. സ്‌റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ ഓരോ ദിവസവും 25,000 രൂപ വീതം കെ.എഫ്.എയിൽ നിന്ന് കോർപ്പറേഷൻ ഈടാക്കും. കെ.എഫ്.എ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ എന്നിവ നേരിട്ട് നടത്തുന്ന പരിപാടികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കും.
ഗോകുലം കേരള എഫ്.സിയ്ക്ക് പുറമേ മറ്റൊരു ടീമിന് ഐ ലീഗിൽ അവസരം ലഭിക്കുകയും അവർ ആവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം ആ ടീമിനും സ്‌റ്റേഡിയം ഹോംഗ്രൗണ്ടായി ഉപയോഗിക്കാമെന്നും യോഗത്തിൽ തീരുമാനിച്ചു. ഹോംഗ്രൗണ്ടായി ഉപയോഗിക്കുന്ന ടീമിൽ നിന്നും യൂസർ ഫീ ഇനത്തിൽ 25,000 രൂപ കെ.എഫ്.എ ശേഖരിച്ച് കോർപ്പറേഷനിൽ അടയ്ക്കണം. കളിനടക്കാത്ത ദിവസം സ്‌റ്റേഡിയത്തിലെ റൂമുകൾ ടീമുകൾ കൈവശം വയ്ക്കരുത്. നേരത്തെ സ്‌റ്റേഡിയം പരിപാലനം ഗോകുലം കേരള എഫ്.സിക്കായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഗോകുലവുമായി കരാറിൽ തുടരേണ്ടതില്ലെന്ന് കൗൺസിൽയോഗം തീരുമാനിക്കുകയായിരുന്നു.
ഡിസംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 മോട്ടോര്‍ ക്രോസ് റേസസ് നടത്തുന്നതിന് സ്റ്റേഡിയം വിട്ട് കൊടുക്കാനും തീരുമാനമായി. ഗ്രൗണ്ട് കേടുപാടുകൾ കൂടാതെ തിരിച്ചേൽപ്പിക്കേണ്ട ചുമതലയും കെ.എഫ്.എയ്ക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |