തൃശൂർ: പൊലീസ് ഉദ്യോഗസ്ഥരുടെ സർഗവാസനകളെ പരിപോഷിപ്പിക്കാനും കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിക്കാനും സൗഹൃദക്കൂട്ടായ്മയ്ക്ക് വേദിയൊരുക്കാനുമായി തുടക്കം കുറിച്ച 'അക്ഷരദീപ'ത്തിൽ അംഗസംഖ്യ 200 കടന്നു. നിരവധി സാഹിത്യ പരിപാടികൾ സംഘടിപ്പിച്ച അക്ഷരദീപം 20 പൊലീസ് എഴുത്തുകാരുടെ കഥാക്ഷരങ്ങൾ, 43 പൊലീസുദ്യോഗസ്ഥരുടെ കവിതാസമാഹാരമായ കാവ്യാക്ഷരങ്ങൾ എന്നീ രണ്ട് പുസ്തകങ്ങൾ അക്ഷരദീപത്തിലെ അംഗങ്ങളുടെ കൂട്ടായ്മയിൽ പുറത്തിറക്കി. ബി.സന്ധ്യയുടെ കവിതാ സമാഹാരം സംയകം പ്രസിദ്ധീകരിച്ചതും അക്ഷരദീപം തന്നെ. ചമ്മണാംപതിയിലെ കൊലപാതകം (നോവൽ, രജികുമാർ തെന്നൂർ), ചിന്തകൾ ചിരിക്കുന്നു (കഥാസമാഹാരം, കെ.പി.പ്രദീപ് കുമാർ), കാട്ടുപന്നി (കഥാസമാഹാരം, രണ്ടാം പതിപ്പ്, സുരേന്ദ്രൻ മങ്ങാട്ട്), അനുരാഗ നദിയിലെ പാലം (നോവൽ രണ്ടാം പതിപ്പ് ബൈജു വർഗീസ്) എന്നീ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകങ്ങളുടെ വിതരണവും അക്ഷരദീപം ബുക്‌സിലൂടെ നിർവഹിക്കുന്നു. നിലവിലെ ഉദ്യോഗസ്ഥർക്ക് പുറമേ റിട്ട. ഡി.ജി.പി ഡോ. ബി.സന്ധ്യ അടക്കമുള്ള വിരമിച്ചവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. ജീവിതത്തിൽ പൊലീസ് കുപ്പായമണിഞ്ഞ ചലച്ചിത്രതാരങ്ങളായ അബു സലീം, സിബി തോമസ്, തുടങ്ങിയവരും സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറുമെല്ലാം അക്ഷരദീപത്തിലെ അംഗങ്ങളാണ്.
തുടക്കം 2022ൽ
2022ൽ പ്രവർത്തനം തുടങ്ങിയ പൊലീസ് അക്ഷരദീപത്തിന്റെ അമരക്കാരൻ റിട്ട. അസി: കമാൻഡന്റ് ജോസഫ് സാർത്തോയാണ്. റിട്ട. എസ്.ഐയും ചിത്രകാരനുമായ രേഖ വെള്ളത്തൂവൽ (രാമചന്ദ്രൻ), റിട്ട. ഡിവൈ.എസ്.പി രജികുമാർ, റിട്ട. സി.ഐ എൻ.കെ.സോമശേഖരൻ എന്നിവർക്കൊപ്പം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും എഴുത്തുകാരനുമായ സുരേന്ദ്രൻ മങ്ങാട്ടും അക്ഷര ദീപത്തിന്റെ സാരഥികളായി. മൂന്നാം വാർഷികത്തിന്റെ ഭാഗമായി അഞ്ച് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. എല്ലാ വർഷവും മികച്ച പ്രവർത്തനത്തിന് അക്ഷരദീപം പുരസ്‌കാരവും ഏർപ്പെടുത്തി. റിട്ട. എസ്.ഐയും ഓട്ടൻതുള്ളൽ കലാകാരനുമായ മണലൂർ ഗോപിനാഥിന് 2025ലെ അക്ഷരദീപം പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് പോണോളിക്ക് 2025ലെ അക്ഷരദീപം കാവ്യപുരസ്‌കാരവും മൂന്നാം വാർഷികത്തിൽ ഡോ.ബി.സന്ധ്യ സമ്മാനിച്ചിരുന്നു.
അടുത്ത പുസ്തകം പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സ്റ്റോറികൾ ഉൾപ്പെടുത്തി ഒരു സമാഹാരമാണ്. ജനുവരിയിൽ പുതിയ പുസ്തകം പുറത്തിറക്കാനാണ് ആലോചന.
-ജോസഫ് സാർത്തോ
(ചീഫ് അഡ്മിൻ, അക്ഷരദീപം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |