വാഷിംഗ്ടൺ: തനിക്ക് വേണമെന്ന് വാശിപിടിച്ചിട്ടും ഗാസയിലേത് അടക്കം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ടിട്ടും പലരുടെയും ശുപാർശയുണ്ടായിട്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാന നോബൽ ലഭിക്കാതെ പോയത് എന്തുകൊണ്ട് ? ട്രംപിന് ഇത്തവണ നോബൽ ലഭിക്കില്ലെന്ന് വിദഗ്ദ്ധർ ആദ്യം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കാരണങ്ങൾ ചുവടെ;
1. സമയം കഴിഞ്ഞു - 2025ലെ സമാധാന നോബലിനായുള്ള നോമിനേഷനുകൾക്കുള്ള സമയപരിധി ജനുവരി 31 ആയിരുന്നു. ട്രംപ് അധികാരത്തിലേറിയത് ജനുവരി 20നാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പല ശ്രമങ്ങളുമുണ്ടായത് ഇതിനുശേഷം
2. എല്ലാം ശരിയല്ല - ട്രംപ് അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര സംഘർഷങ്ങളെ ചൊല്ലി തർക്കമുണ്ട്. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ വാദത്തെ ഇന്ത്യ തള്ളിയത് ഉദാഹരണം
3. മൂല്യങ്ങൾക്ക് എതിര് - ട്രംപിന്റെ വിദേശ നയ ചരിത്രം നോബലിന്റെ മൂല്യങ്ങൾക്ക് എതിരെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പാരീസ് ഉടമ്പടി അടക്കം അന്താരാഷ്ട്ര കരാറുകളിൽ നിന്നുള്ള പിന്മാറ്റവും യു.എൻ അടക്കം സംഘടനകളെ വിമർശിക്കുന്നതും രാജ്യങ്ങൾക്ക് മേൽ പ്രയോഗിക്കുന്ന സമ്മർദ്ദ തന്ത്രങ്ങളും നോബൽ മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് കണക്കാക്കപ്പെടുന്നു
4. സ്വയം പുകഴ്ത്തൽ- തനിക്ക് നോബൽ വേണമെന്ന് ട്രംപ് നിരവധി തവണ പരസ്യമായി പറഞ്ഞു. ഇത്തരത്തിൽ സ്വയം അവകാശം ഉന്നയിക്കുന്നവരെ നോബൽ പരിഗണിച്ച ചരിത്രമില്ല
5. കാത്തിരിക്കണം - ദീർഘനാളത്തെ സുസ്ഥിരമായ സമാധാന ശ്രമങ്ങളാണ് നോബൽ കമ്മിറ്റി പരിഗണിക്കുക. അതിനാൽ ട്രംപിന് അടുത്ത വർഷം സമാധാന നോബൽ ലഭിച്ചേക്കാമെന്ന് കരുതുന്നവരുണ്ട്
------------------
# ദീർഘകാല ചരിത്രത്തിനിടെ തങ്ങൾ പല പ്രചാരണങ്ങളും മാദ്ധ്യമ സമ്മർദ്ദങ്ങളും കണ്ടിട്ടുണ്ട്. ആയിരക്കണക്കിന് കത്തുകൾ ഓരോ വർഷവും ലഭിക്കാറുണ്ട്. ഞങ്ങളുടെ തീരുമാനം ആൽഫ്രഡ് നോബലിന്റെ മൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
- നോർവീജിയൻ നോബൽ കമ്മിറ്റി
(ട്രംപിന്റെ പേരിലെ സമ്മർദ്ദത്തെ പറ്റിയുള്ള ചോദ്യത്തോടുള്ള പ്രതികരണം)
------------------
# നോർവെയുടെ കാര്യം തീർന്ന്....!
സമാധാനം ഒഴികെ മറ്റ് നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് റോയൽ സ്വീഡിഷ് അക്കാഡമി അടക്കം സ്വീഡനിലെ സ്ഥാപനങ്ങളാണ്. നോർവീജിയൻ നോബൽ കമ്മിറ്റിക്കാണ് സമാധാന നോബൽ പ്രഖ്യാപനത്തിന്റെ ചുമതല. സമാധാന നോബൽ ലഭിക്കാത്താതിന്റെ ദേഷ്യം ട്രംപ് നോർവെയ്ക്ക് മേൽ തീർക്കുമെന്നാണ് ട്രോളുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |