മുംബയ്: ഹോസ്റ്റലിലെ ടോയ്‌ലറ്റ് നന്നായി വൃത്തിയാക്കിയില്ലെന്നാരോപിച്ച് എട്ടാംക്ലാസിലെ പന്ത്രണ്ടുകുട്ടികളെ ഹാേസ്റ്റൽ മോണിറ്റർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിലെ സ്വകാര്യ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലായിരുന്നു സംഭവം. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഗംഗാറാം പതാര എന്ന 21 കാരനാണ് ഹോസ്റ്റൽ മോണിറ്റർ. മറ്റൊരു കോഴ്സിന് പഠിക്കുന്ന ഇയാളെ ഹാേസ്റ്റൽ മോണിറ്ററാക്കിയതും ഹോസ്റ്റലിൽ കഴിയാൻ അനുവദിച്ചതും സ്കൂൾ അധികൃതരായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഹോസ്റ്റലിലെ ടോയ്‌ലറ്റ് കുറച്ചുനാളായി വൃത്തിയില്ലാത്ത അവസ്ഥയിലാണെന്നും കുട്ടികൾ വൃത്തിയാക്കാത്തതാണ് ഇതിനുകാരണം എന്നാരോപിച്ചായിരുന്നു മർദനം. വടികൊണ്ടും ക്രൂരമായി മർദിച്ചു. കുട്ടികളുടെ ശരീരത്തിൽ പലയിടത്തും മാരകമായ ചതവുകൾ ഏറ്റിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നത്. മർദനമേറ്റ കുട്ടികൾ വിവരം മറ്റുള്ളവരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദിവാസി വിഭാഗത്തിൽപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ കഴിയുന്നത്.
മർദനവിവരം അറിഞ്ഞതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ സ്കൂളിലെത്തി. ഗംഗാറാം പതാരയെ ഹോസ്റ്റൽ മോണിറ്ററായി പ്രവർത്തിക്കാൻ ആരാണ് അനുവാദം നൽകിയതെന്നും മർദനം കണ്ടിട്ടും തടയാൻ അദ്ധ്യാപകർ ശ്രമിക്കാതിരുന്നതും എന്തുകൊണ്ടാണെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.കുട്ടികളെ പഠിക്കാനാണ് സ്കൂളിലേക്ക് വിട്ടതെന്നും അല്ലാതെ ടോയ്‌ലറ്റ് വൃത്തിയാക്കാനല്ലെന്നും അവർ പറഞ്ഞു.
അന്വേഷണം പൂർത്തിയായാൽ ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്നാണ് പൊലീസ് പറയുന്നത്. ഗംഗാറാമിൽനിന്ന് കൂടുതൽ കുട്ടികൾക്ക് മർദനമേറ്റിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |