ആലപ്പുഴ : വിദേശികളെയടക്കം നമ്മുടെ പുരാണങ്ങളും വേദങ്ങളും സൗജന്യമായി പഠിപ്പിച്ച് ആയുർവേദ ഡോക്ടർ ശ്രദ്ധേയയാകുന്നു. ചേർത്തല കഞ്ഞിക്കുഴി മുല്ലശേരി വീട്ടിൽ വർഷ സന്തോഷാണ് കഴിഞ്ഞ 9വർഷമായി സൗജന്യക്ലാസ് നടത്തിവരുന്നത്. വിദേശികളടക്കമുള്ള 600പേർ ഇപ്പോൾ പഠിതാക്കളായുണ്ട്. നാലുവയസുമുതൽ 92 വയസുവരെയുള്ളവർ ഇതിലുൾപ്പെടും.
ഓൺലൈനായും ചേർത്തലയിലെ കഞ്ഞിക്കുഴി മുല്ലശേരിവീട്ടിൽ നാട്ടുകാർക്കായും വർഷ ക്ലാസ് എടുക്കുന്നുണ്ട്. യു.എസ്.എ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഓൺലൈൻ ക്ലാസുകളിൽ കൂടുതലും. ധ്യാന ശ്ലോകം, ഏക്‌നാഥ് ഭാഗവതം, നാരായണീയം, ഭഗവത് ഗീത, സംസ്‌കൃത ഭാഷ, വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം, മഹാഭാരതം, വാൽമീകി രാമായണം, സമ്പൂർണ ഗീതാപാരായണം, മുകുന്ദമാല സ്‌തോത്രം, ദേവീമാഹാത്മ്യം, സൗന്ദര്യ ലഹരി എന്നിവയാണ് പഠിപ്പിക്കുന്നത്.
സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന വർഷ അവിടെ വച്ചാണ് ക്ളാസ് ആരംഭിച്ചത്. സിംഗപ്പൂരിൽ രാമകൃഷ്ണ മിഷന്റെ ക്യാമ്പസിൽ സംസ്കൃതഭാരതിക്ക് വേണ്ടി സംസ്കൃത ക്ലാസ് എടുത്തുകൊണ്ടായിരുന്നു തുടക്കം. ജോലികഴിഞ്ഞ് എത്തുന്ന ഇടവേളകളിലായിരുന്നു ക്ലാസ്. രണ്ടുവർഷം മുമ്പാണ് ഭർത്താവ് ഡോ.സന്തോഷ് മുല്ലശേരിയുടെ നാടായ കഞ്ഞിക്കുഴിയിലെത്തിയത്.
24 വർഷം മുമ്പായിരുന്നു മംഗലാപുരം സ്വദേശിയായ വർഷയുടെയും സന്തോഷിന്റെയും വിവാഹം. ഇതിനുശേഷമാണ് മലയാളം പഠിച്ചത്.
ഡോക്ടറായ വർഷ ഓൺലൈൻ ചികിത്സയാണ് ഇപ്പോൾ നടത്തുന്നത്. രോഗികളിലും കൂടുതൽ വിദേശികളാണ്.
അർത്ഥം മുതൽ ഉച്ചാരണം വരെ
പഠിപ്പിക്കുന്നതിനൊപ്പം അവയുടെ അർത്ഥം, ഉച്ചരിക്കേണ്ട രീതി എന്നിവയെല്ലാം പഠിപ്പിക്കും. വിദേശികൾ നമ്മുടെ പുരാണങ്ങൾ പഠിക്കാൻ വളരെ താത്പര്യം കാണിക്കാറുണ്ടെന്ന് വർഷ പറഞ്ഞു. എല്ലാദിവസവും ഓരോ വിഷയത്തിൽ ക്ലാസ് ഉണ്ടാവും. ഓൺലൈൻ ക്ലാസുകളിൽ ഇംഗ്ലീഷിലാണ് അർത്ഥം പറഞ്ഞുനൽകുന്നത്. അച്ഛൻ കുൽദീപക്കാണ് വർഷയുടെ ഗുരു. കൂടാതെ മംഗലാപുരത്തെ രാമശക്തി മിഷനിലും പഠനം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ 34 വർഷങ്ങളായി പുരാണങ്ങൾ, സ്തോത്രങ്ങൾ എന്നിവയെല്ലാം പഠിക്കുന്നുണ്ട്. ഇവയെല്ലാം മറ്റുള്ളവർക്കും പറഞ്ഞു നൽകുന്നതാണ് എന്റെ സന്തോഷം
- ഡോ. വർഷ സന്തോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |