വെമ്പായം: കൊടും വളവുകൾ, ചെങ്കുത്തായ ഇറക്കം, ഒരു വശം അഗാത ഗർത്തം, അപകട മുന്നറിയിപ്പ് ബോർഡുകളില്ല, മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള സംസ്ഥാന പാതയുടെ അവസ്ഥയാണിത്.
രാജഭരണകാലത്ത് നിർമ്മിച്ച റോഡിന് ജനാധിപത്യ ഭരണം വന്നിട്ടും യാതൊരു മാറ്റവുമില്ല. പഞ്ചായത്തു റോഡുകൾ പോലും അഞ്ച് വർഷത്തിലൊരിക്കൽ നവീകരിക്കുമ്പോൾ പതിറ്റാണ്ടുകളായി ഒരു നവീകരണ പ്രവർത്തനങ്ങളും ഇല്ലാത്ത ഏക സംസ്ഥാനപാതയും ഇതാകും. സംസ്ഥാനത്തെ പ്രധാന പാതകളിൽ ഒന്നായ ഇവിടെ റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ട് കാലമേറെയായി.
അപകടങ്ങൾ പതിവ്
മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള ഭാഗത്താണ് പ്രധാനമായും അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന് വീതി ഇല്ലാത്തതും കുത്തനെയുള്ള വളവുകളുമാണ് ഇതിന് കാരണം. എം.സി റോഡിന് വീതിക്കൂട്ടി വളവുകൾ നിവർത്തുമെന്ന വാഗ്ദാനം ഇതുവരെയും പാലിച്ചിട്ടില്ല. പ്രദേശത്ത് അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു.
ഗതാഗതക്കുരുക്ക് പതിവ്
വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പാതയോരത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളോളം വാഹനങ്ങൾ നിറുത്തിയിടേണ്ട അവസ്ഥയാണ്. കുത്തനെയുള്ള വളവുകളും വീതികുറഞ്ഞ റോഡും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. വീതികുറഞ്ഞ റോഡിലൂടെ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ റോഡിന്റെ മറുവശത്ത് പോയി അപകടങ്ങൾ ഉണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്.
വളവുകൾ നിവർത്തി
റോഡിന് വീതി കൂട്ടണം
വട്ടപ്പാറ പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഒരു കൊടും വളവിലാണ്. അമ്പല നഗറിലെ വളവ്, കണക്കോട് തണ്ണിപാറ വളവ്, വേറ്റിനാട് വില്ലേജ് ഓഫീസിന് മുൻപിലത്തെ വളവ്, പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങൾ ഉണ്ടാകുന്നത്. വളവുകൾ നിവർത്തി റോഡിന് വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്നും അപകടസാദ്ധ്യത കുറയ്ക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |