തൃശൂർ: കോൾച്ചാലുകളിൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടയുന്ന ചെല്ലിപ്പായലും കരുവന്നൂർ പുഴയിലെ താമരവളയംചിറ കെട്ടാത്തതിനാലുണ്ടായ അമ്ലരസവും കോൾപ്പാടത്തെ ദുരിതത്തിലാക്കുന്നു. ചിറ കെട്ടാത്തതിനാൽ ഡാമുകളിൽനിന്ന് വെള്ളം കിട്ടുന്നുമില്ല. കരുവന്നൂർ പുഴയുമായി ബന്ധപ്പെട്ട 4000 ഏക്കർ സ്ഥലത്തെ നെൽകൃഷി വെള്ളത്തിലെ പുളിപ്പ് കാരണം ഉൽപ്പാദനം കുറയുമെന്നാണ് ആശങ്ക. പാടങ്ങളിൽ വിത്തിടാനായി വെള്ളം കെ.എൽ.ഡി.സി കനാലിലേക്ക് പമ്പ് ചെയ്തിട്ടുണ്ട്. കനാലിൽനിന്ന് അമ്ലരസമുള്ള വെള്ളം മറ്റു പടവുകളിലേക്ക് കയറ്റാനാകാത്ത നിലയുമുണ്ട്. റെഗുലേറ്റർ വഴി ഈ വെള്ളം കടലിലേക്ക് ഒഴുക്കിവിടണമെന്നാണ് കോൾപ്പടവ് കമ്മിറ്റിക്കാരുടെ ആവശ്യം.
മേഖലയിൽ പടവുകളിലെ വയലുകൾ കൃഷിയിറക്കാൻ ഉഴുതു മറിച്ചതിനാൽ നിലവിൽ അമ്ലാംശമുള്ള വെള്ളമാണ് കരുവന്നൂർ പുഴ മുതൽ ഏനാമാക്കൽ റഗുലേറ്റർ വരെയുള്ള ഏകദേശം 20 കിലോമീറ്റർ ദൂരമുള്ള കെ.എൽ.ഡി.സി കനാലിൽ കെട്ടിക്കിടക്കുന്നത്. ഈ വെള്ളം തുറന്നുവിട്ടാൽ നെൽച്ചെടികൾ നശിക്കും. കൃഷിയിറക്കുന്നതിനു മുൻപേ ഡാമിൽ നിന്നുള്ള വെള്ളം തുറന്ന് കെ.എൽ.ഡി.സി കനാലിലൂടെ ഒഴുക്കിവിട്ട് കെട്ടിക്കിടക്കുന്ന അമ്ലാംശമുള്ള വെള്ളം ഏനാമാവ് റഗലേറ്ററിലെ ഷട്ടറുകൾ ഉയർത്തി കടലിലേക്ക് ഒഴുക്കുകയാണ് പതിവ്. അതിനുശേഷം കനാലിൽ ഡാമിലെ വെള്ളം നിറയ്ക്കും. ഈ വെള്ളമാണ് പടവുകളിലേക്ക് തുറന്നുവിടാറുള്ളത്.
ചിമ്മിനിയിൽ നിന്ന് വെളളം വേണം
മഴ കുറഞ്ഞതോടെ ചിമ്മിനി ഡാമിൽനിന്ന് വെള്ളം വിടണമെന്നും വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള താമരവളയംചിറ കെട്ടണമെന്നുമാണ് കർഷകരുടെ ആവശ്യം. ചിറ കെട്ടിയില്ലെങ്കിൽ ചിമ്മിനിയിലെ വെള്ളത്തിൽ പാടശേഖരങ്ങൾ മുങ്ങാനിടയാകും. താമരവളയംചിറ കെട്ടണമെന്ന ജില്ലാ കോൾക്കർഷക അഡ്വൈസറി യോഗ തീരുമാനം കഴിഞ്ഞ് രണ്ടുമാസത്തോളമായി. ചിറ കെട്ടിയില്ലെങ്കിൽ തെക്കുപടിഞ്ഞാറ് കോൾമേഖലയിൽ ചിമ്മിനി ഡാമിൽനിന്ന് വെള്ളം കൊണ്ടുവരാനാവില്ല.
പായൽ സുന്ദരം പക്ഷേ...
കോൾച്ചാലുകളിൽ പിങ്ക് നിറത്തിൽ പായൽചെടികൾ പൂവിട്ടത് സുന്ദരമാണെങ്കിലും വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടഞ്ഞു. മുള്ളൻ പായൽ, ചെല്ലിപ്പായൽ എന്ന പേരിൽ അറിയപ്പെടുന്ന സസ്യങ്ങൾ ഭംഗിയുണ്ടെങ്കിലും പാരിസ്ഥിതിക പ്രത്യാഘാതങ്ങളേറെയാണ്. 80 സെന്റിമീറ്റർ വരെയാണ് ഇവയുടെ നീളം. വളരാൻ ഓക്‌സിജൻ ഏറെ ആവശ്യമുള്ളതിനാൽ മറ്റ് സസ്യങ്ങളെ നശിപ്പിക്കും. സൂര്യപ്രകാശം വെള്ളത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നത് തടയുന്നതിനാൽ ജലജീവികൾക്കും തിരിച്ചടിയാകും.
കർഷകരുടെ ആവശ്യങ്ങൾ യോഗം വിളിച്ച് തീരുമാനിക്കണം.
-കെ.കെ.കൊച്ചുമുഹമ്മദ്, കോൾ ഉപദേശകസമിതി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |