തിരുവനന്തപുരം: ഒരിക്കലും കുത്തിപ്പൊളിക്കേണ്ടി വരില്ലെന്ന ന്യായം പറഞ്ഞിരുന്ന സ്മാർട്ട് റോഡ് പൊളിച്ചു പണി തുടങ്ങി.കിള്ളിപ്പാലം–അട്ടക്കുളങ്ങര റോഡിൽ കൊത്തുവാൽ തെരുവിന് എതിർവശത്ത് റോഡിന്റെ മദ്ധ്യഭാഗമാണ് കുത്തിപ്പൊളിച്ചത്. പൊട്ടിയ സ്വിവേജ് പൈപ്പ് കണ്ടെത്താനാണിത്. ഇലക്ട്രിക്, ടെലിഫോൺ കേബിളുകൾ പ്രത്യേക ഡക്ടുകളിലാക്കിയാണ് സ്മാർട്ട് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 1.06 കിലോമീറ്റർ നീളമുള്ള കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡിന്റെ പുനർനിർമ്മാണത്തിന് 33.02 കോടി രൂപ ചെലവാക്കി. വൈദ്യുതി, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലാക്കിയതാണ് സ്മാർട്ട് റോഡുകളുടെ പ്രത്യേകത. കേബിളുകൾ കേടുപറ്റിയാൽ റോഡ് പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന് ഓരോ പത്തുമീറ്ററിലും മാൻഹോളുകൾ നിർമ്മിച്ചിട്ടുണ്ട്.എന്നാൽ അതിപ്പോൾ പാളി.
സ്വീവേജ് ലൈനിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ മണ്ണ് മാറ്റാനായി മണ്ണുമാന്തി ഉപയോഗിച്ചപ്പോൾ നിറയെ കേബിളുകളാണെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു. ചെറിയ ആഴത്തിൽ കുഴിയെടുത്ത ശേഷം യന്ത്രം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ജോലിക്കാർ ഇറങ്ങിയാണ് കുഴിയെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പൊട്ടിയ ഭാഗം
കണ്ടെത്താനായില്ല
പൈപ്പ് പൊട്ടിയ സ്ഥലത്ത് കുഴിയെടുത്തെങ്കിലും പൊട്ടിയ ഭാഗം ഇതുവരെ കണ്ടെത്തിയില്ല. കുഴിയെടുത്ത ഭാഗത്ത് വെള്ളം നിറയുന്നതാണ് മറ്റൊരു പ്രശ്നം. ഈ വെള്ളം പമ്പ് ചെയ്ത് മാറ്റിയാൽ മാത്രമേ തുടർപ്രവർത്തനം നടത്താനാവൂ. കൊത്തുവാൽ തെരുവിന് എതിർവശത്ത് റോഡിന്റെ മദ്ധ്യത്തിൽ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്.
ഇരുമ്പ് പാളികൾ സ്ഥാപിക്കും
പൊട്ടിയ പൈപ്പ് കണ്ടെത്താനായെടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ ഇരുമ്പ് പാളികൾ സ്ഥാപിച്ച ശേഷമെ പൊട്ടൽ പരിഹരിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കൂ. പൊട്ടിയ ഭാഗം മാറ്റി പുതിയത് വിളക്കിചേർത്ത ശേഷമേ പമ്പിംഗ് പുനഃരാരംഭിക്കു. 900 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പായതിനാലാണ് കൂടുതൽ സമയം വേണ്ടി വരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യഘട്ടത്തിൽ പൊളിക്കാം
വളരെ അത്യാവശ്യഘട്ടത്തിൽ അനുമതി വാങ്ങി റോഡ് കുഴിക്കാമെന്നാണ് സ്മാർട്ട് സിറ്റിയുടെ വിശദീകരണം.അപ്പോഴുംഒരിക്കലും റോഡ് പൊളിക്കേണ്ടി വരില്ലെന്ന് പറഞ്ഞ വാദത്തിൽ മൗനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |