വാളയാർ: തകർന്ന് കിടക്കുന്ന ഡാം റോഡ്, ഇരു വശങ്ങളിലും മാലിന്യക്കൂമ്പാരം, അടഞ്ഞ് കിടക്കുന്ന പ്രവേശനകവാടം, അപകട ഭീഷണി സൂചിപ്പിക്കുന്ന ബോർഡുകൾ... പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ വാളയാർ ഡാമിലേക്ക് കടന്ന് വരുന്ന സഞ്ചാരികളെ വരവേൽക്കുന്നത് ഇതെല്ലാമാണ്. വിനോദ സഞ്ചാര വികസനത്തിന് വലിയ സാധ്യതകളുണ്ടായിട്ടും അവഗണന നേരിടുകയാണ് വാളയാർ. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പേ വിനോദ സഞ്ചാര കേന്ദ്രമായിരുന്ന വാളയാർ അവഗണന കൊണ്ട് മാത്രം തകർന്ന് പോയതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാർക്കിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കോടികൾ ചെലവഴിച്ച് നവീകരണം നടക്കുമ്പോൾ വാളയാർ ഡാമിലേക്ക് വരുന്ന സഞ്ചാരികൾ പിന്നീട് ഒരിക്കലും വരാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മലമ്പുഴ ഡാം മേഖലയിലെ വിനോദ സഞ്ചാര വികസനത്തിനായി 80 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ ഇതേ മണ്ഡലത്തിൽ ഉൾപ്പെട്ട വാളയാർ ഡാം മേഖലയിൽ വിനോദ സഞ്ചാര വികസന സാധ്യതയില്ലെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ വിവരം നൽകിയത് മൂലം ഫണ്ട് ഒന്നും കിട്ടിയില്ല. നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന ജലനിരപ്പും വിശാലമായ മണൽപ്പരപ്പും അതിർത്തി വിരിച്ച് നിൽക്കുന്ന മലനിരകളും വടവൃക്ഷങ്ങൾ തീർത്ത തണലും ഇവിടുത്തെ പ്രത്യേകതയാണ്. ദേശീയപാതയോട് ചേർന്ന് കിടക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലെയും സഞ്ചാരികൾക്ക് എത്താൻ സൗകര്യമാണ്. കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ വാളയാർ സഞ്ചാരികളുടെ പറുദീസയാക്കാൻ കഴിയും. ഡാമിലേക്കുള്ള റോഡ് വീതി കൂട്ടിയാൽ ഡാം പരിസരത്തേക്ക് വാഹനങ്ങൾക്ക് സുഗമമായി പോകാനാകും. മണലെടുപ്പ് മൂലമുണ്ടായ കുഴികളിൽ വീണ് സഞ്ചാരികൾ മരണപ്പെട്ടതിനെ തുടർന്നാണ് ഡാമിലേക്കുള്ള പ്രവേശന കവാടം അടച്ചത്. ഈ കുഴികൾ അടച്ച് ബോട്ട് സർവ്വീസ് തുടങ്ങണം. പാർക്കുകൾ കാട് പിടിച്ച് കിടക്കുകയാണ്. കാട്ടുചെടികൾ വെട്ടിത്തെളിച്ച് ഇവിടെ ഉദ്യാനമുണ്ടാക്കാം. ഡാമിലേക്കും പാർക്കുകളിലേക്കുമുള്ള വഴികൾ അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വലുപ്പം കൊണ്ട് പ്രശസ്തമായ ആൽമരത്തിന് അടുത്തേക്കുള്ള വഴിയും അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികൾക്ക് ഡാം പരിസരം ചുറ്റിക്കാണാനുള്ള സാഹചര്യം പോലും ഇപ്പോഴില്ല. സഞ്ചാരികൾ ഡാമിലിറങ്ങുന്നതും നീന്തുന്നതും വിലക്കിയാൽ അപകടങ്ങൾ ഒഴിവാക്കാനാവും. അതിന് പകരം ഡാമിന് മുകളിലെ റോഡിലേക്ക് തന്നെ സഞ്ചാരികളെ കടത്തിവിടാതിരിക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം മാറ്റം വരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |