റിയോ ഡി ജനീറോ: അഞ്ചു മാസത്തിനിടെ നാലുപേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിനി അറസ്റ്റിൽ. ബ്രസീലുകാരിയായ അന പോള വെലോസോ ഫെർണാണ്ടസ് (36) ആണ് അറസ്റ്റിലായത്. കൊലപാതക പരമ്പര ആസൂത്രണം ചെയ്ത യുവതി വിഷത്തിന്റെ വീര്യം പരീക്ഷിക്കുന്നതിനായി പത്ത് നായ്ക്കളെ കൊന്നതായി സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണെ് അനാ പോളയെന്നും കൊല ചെയ്യുക എന്നതാണ് ലക്ഷ്യമെന്നുമാണ് പൊലീസ് പറയുന്നത്. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ നാല് കൊലപാതകങ്ങൾ അന നടത്തിയെന്നാണ് റിപ്പോർട്ട്. ആദ്യത്തെയാളെ വാടകക്കാരി ചമഞ്ഞ് വീട്ടിൽ താമസിക്കാനെത്തി വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.ഇവരുടെ മൃതദേഹം അഴുകിയ നിലയിലാണ് പൊലീസ് കണ്ടെത്തുന്നത്.
രണ്ടാമത്തെയാളെ കേക്കിൽ വിഷം നൽകിയാണ് കൊന്നത്. വിഷം ചേർത്ത കേക്ക് ഉണ്ടാക്കി മുൻ കാമുകനായ ഒരു സൈനിക ഉദ്യോഗസ്ഥനെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പൊലീസ് പറയുന്നു.
ക്ലാസ്മേറ്റായിരുന്ന മിഷേൽ പൈവ ഡാ സിൽവ ആവശ്യപ്പെട്ടതനുസരിച്ച് 4000 ബ്രസീലിയൻ റിയലിനാണ് മൂന്നാമത്തെ കൊലപാതകത്തിനുള്ള കരാർ അന ഏറ്റെടുത്തത്. വിഷം ചേർത്ത പായസം നൽകിയാണ് അന കൊലപാതകം നടത്തിയത്.
പ്രണയബന്ധത്തിലായിരുന്ന 21കാരനായ ടുണീഷ്യൻ യുവാവിനെ ബ്രേക്കപ്പിന് ശേഷം ഗർഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചു. ഇയാൾ ബന്ധം നിരസിച്ചതിനെ തുടർന്ന് വിഷം ചേർത്ത മിൽക്ക് ഷേക്ക് നൽകി കൊലപ്പെടുത്തിയാണ് നാലാമത്തെ കൊലപാതകം.
പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എലിവിഷത്തിന് സമാനമായ നിരോധിച്ച ഒരുതരം കീടനാശിനി കണ്ടെടുത്തിയിട്ടുണ്ട്. അനയെ സഹായിച്ചതിന് ഇവരുടെ ഇരട്ട സഹോദരി റോബർട്ട ക്രിസ്റ്റിന വെലോസോ ഫെർണാണ്ടസ്, സുഹൃത്ത് മിഷേൽ പൈവ ഡാ സിൽവ എന്നിവരും അറസ്റ്റിലായി. പുറത്തെടുത്ത മൃതദേഹങ്ങളുടെ ടോക്സിക്കോളജി ഫലങ്ങൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. ഇവർ കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |