ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ പോരാളി സോനം വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയതിനെ ന്യായീകരിച്ച് ലഡാക്ക് ഭരണകൂടം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വാങ്‌ചുക്കിന്റെ പ്രവർത്തനങ്ങൾ ലഡാക്കിന്റെ സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും ഭീഷണിയായിരുന്നു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് കസ്റ്റഡിയിലെടുത്തതും, രാജസ്ഥാൻ ജോധ്പൂരിലെ സെൻട്രൽ ജയിലിലിടച്ചടതുമെന്ന് ലേയിലെ ജില്ലാ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. വാങ്‌ചുക്കിന്റെ ഭാര്യ ഗീതാജ്ഞലി ജെ. ആംഗ്‌മോയെ വിവരങ്ങൾ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷാ നിയമം ചുമത്തി വാങ്‌ചുക്കിനെ തടങ്കലിലാക്കിയത് ചോദ്യംചെയ്‌ത് ഗീതാജ്ഞലി ജെ. ആംഗ്‌മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, തന്നെ നിരന്തരം നിരീക്ഷിക്കുകയാണെന്ന് വാങ്‌ചുക്കിന്റെ ഭാര്യ സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹിയിൽ എവിടെ പോയാലും ഒരു കാറിലും ബൈക്കിലും ചിലർ പിന്തുടരുന്നുവെന്ന് വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സോനം വാങ്‌ചുക്കിനെ സെപ്‌തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്. ലഡാക്കിന്റെ തനതായ സ്വത്വവും പാരമ്പര്യവും നിലനിറുത്താൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം,സംസ്ഥാന പദവി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്. സെപ്‌തംബർ 24ലെ പൊലീസ് വെടിവയ്‌പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |