മുംബയ്: റെയിൽവേ പ്ളാറ്റ്‌ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് ട്രെയിൻ യാത്രക്കാരനായ യുവാവ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മുംബയിലെ റാം മന്ദിർ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിന് ദൃക്‌സാക്ഷിയായ മൻജീത് ദില്ലൻ എന്നയാൾ സമൂഹമാദ്ധ്യത്തിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വികാസ് ബെൻഡ്രെ എന്ന യുവാവാണ് ധീരകൃത്യത്തിന് കയ്യടി നേടുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഈ മനുഷ്യൻ ശരിക്കും ഒരു ധീരനാണ്, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. രാം മന്ദിർ സ്റ്റേഷനിൽ പുലർച്ചെ ഒരു മണിയോടെ ഈ യുവാവ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതാണ് എല്ലാത്തിനും തുടക്കം. ഇത് പറയുമ്പോൾ എനിക്ക് ഇപ്പോഴും മരവിപ്പ് തോന്നുന്നു. ആ യുവതിയുടെ കുഞ്ഞ് പകുതി പുറത്തായിരുന്നു, പകുതി അകത്തും പകുതി പുറത്തും. ആ നിമിഷം, ദൈവം ഈ സഹോദരനെ അവിടെ അയച്ചതിന് ഒരു കാരണമുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നു.
ഞങ്ങൾ എല്ലാവരും ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തു. നിരവധി ഡോക്ടർമാരെ വിളിച്ചു. എന്നാൽ ആംബുലൻസ് എത്താൻ വൈകുമെന്നായിരുന്നു അവർ അറിയിച്ചത്. ഒടുവിൽ, ഒരു വനിതാ ഡോക്ടർ വീഡിയോ കോളിലൂടെ യുവാവിന് നിർദേശങ്ങൾ നൽകുകയായിരുന്നു. അദ്ദേഹം കൃത്യമായി നിർദേശങ്ങൾ പിന്തുടർന്നു. ആ നിമിഷത്തിൽ അദ്ദേഹം കാട്ടിയ ധൈര്യം വാക്കുകൾക്കതീതമാണ്.
നേരത്തെ, യുവതിയുടെ കുടുംബം അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പ്രസവം അവിടെ നടത്താൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അതിനാൽ അവർക്ക് അവരെ ട്രെയിനിൽ തിരികെ കൊണ്ടുവരേണ്ടി വരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അമ്മയെ സഹായിക്കാൻ ഒരു ആശുപത്രി വിസമ്മതിച്ചത് ശരിക്കും ലജ്ജാകരമാണ്.
ആ രാത്രിയിൽ, രണ്ട് ജീവൻ രക്ഷിക്കാൻ ആ യുവാവ് കാരണമായി. പലരും നോക്കി നിൽക്കുകയും നടന്നു പോകുകയുമാണ് ചെയ്തത്. ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ, അത് ദൈവത്തിൽ നിന്നുള്ള ഒരു അടയാളമായി കണക്കാക്കി ചെയ്യുക സുഹൃത്തുക്കളേ. ആ യുവാവ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ച് അവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എനിക്ക് ഇപ്പോൾ എന്താണ് തോന്നുന്നതെന്ന് വാക്കുകളിൽ പ്രകടിപ്പിക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |