ഗാസ: ഇസ്രായേലിലെ ജയിലില്‍ കഴിയുമ്പോള്‍ ഫോട്ടാഗ്രാഫറായ ഷാദി അബു സിദുവിന് പ്രതീക്ഷകളില്ലായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അയാളോട് അധികൃതര്‍ പറഞ്ഞത് ഭാര്യയും മക്കളും മരണപ്പെട്ടുവെന്നായിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും മരിച്ചുവെന്നാണ് അയാള്‍ കരുതിയിരുന്നത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും അവസാനമായി ഒന്ന് കാണാന്‍ കഴിയില്ലെന്ന നൊമ്പരമായിരുന്നു അയാളുടെ ഉള്ളുനിറയെ.
കഴിഞ്ഞ ദിവസം നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഇസ്രായേലില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന 2000 പേരോടൊപ്പം ഷാദി അബു സിദുവിനെയും വിട്ടയച്ചു. ഉറ്റവരെ നഷ്ടപ്പെട്ടെന്ന് കരുതി വേദനയോടെ സ്വന്തം മണ്ണില്‍ കാലുകുത്തിയ അബു സിദു, എന്നാല്‍ തന്റെ കണ്‍മുന്നില്‍ ഭാര്യയേയും മക്കളേയും കണ്ടതോടെ ആഹ്ലാദത്തിലും അമ്പരപ്പിലുമായിപ്പോയി.
'അവളുടെ ശബ്ദം ഞാന്‍ കേട്ടു, എന്റെ മക്കളുടെ ശബ്ദവും.. ഞാന്‍ അമ്പരന്നുപോയി...! അത് എങ്ങനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. വിശദീകരിക്കാന്‍ കഴിയാത്ത അനുഭൂതിയാണ് അവര്‍ ജീവനോടെയുണ്ട്!' -ഷാദി അബു സിദു റോയിട്ടേഴ്സിനോട് പറഞ്ഞു.
തിങ്കളാഴ്ച ജയില്‍ മോചിതനായപ്പോഴാണ് തന്റെ പ്രിയപ്പെട്ടവര്‍ ജീവനോടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഖാന്‍ യൂനിസിലെ കുടുംബവീട്ടിലെത്തിയപ്പോള്‍ ഭാര്യ ഹനാ ബഹ്‌ലൂല്‍ അദ്ദേഹത്തെ ഏറെനേരം കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ മകളുടെയും മകന്റെയും മുഖം വീണ്ടും കണ്ടപ്പോള്‍ നിര്‍ത്താതെ ചുംബിച്ചു.
അബു സിദുവിനെ 2024 മാര്‍ച്ച് 18നാണ് വടക്കന്‍ ഗാസയിലെ അല്‍ ശിഫ ഹോസ്പിറ്റലില്‍ നിന്ന് ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയത്. ഇദ്ദേഹത്തെ ഇസ്രായേല്‍ തടങ്കലില്‍ പാര്‍പ്പിച്ച വിവരം ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ അദ്ദമീറിലെ അഭിഭാഷകന്‍ വഴിയാണ് ഭാര്യ ബഹ്‌ലൂല്‍ അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |