മുംബയ്: അഹമ്മദാബാദ് വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. 91 കാരനായ പുഷ്കറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വ്യോമയാനരംഗത്തെ സാങ്കേതിക വിദഗ്‌ദരടങ്ങിയ ഒരു സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപകടത്തെപ്പറ്റി അന്വേഷിച്ച എയർക്രാഫ്‌റ്റ് ആക്സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഗുരുതര വീഴ്‌കളുണ്ടെന്ന് ഹർജിയിൽ പറയുന്നു. റിപ്പോർട്ടിൽ അപകടത്തിന് കാരണം പൈലറ്റിന് സംഭവിച്ച പിഴവാണെന്ന് പറയുമ്പോൾ മറ്റ് വിശ്വസനീയമായ അപകട സാധ്യതകൾ തള്ളിക്കളയുന്നതായി ഹർജിയിൽ പറയുന്നു. അതിനാൽ, സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാർ പറയുന്നത്.
''അപകടത്തിന്റെ കൃത്യമായ കാരണം മനസിലാക്കാതെ മുൻവിധികളോടെ നടത്തിയ അപൂർണമായ അന്വേഷണം ഭാവിയിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയും വ്യോമയാന സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യും. അത് ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റെ ലംഘനത്തിന് കാരണമാകും'' ഹർജിയിൽ പറയുന്നു.
വിമാനം പറന്നുയർന്ന ശേഷം കാപ്‌റ്റൻ സുമീത് സബർവാൾ എഞ്ചിനിലേക്കുള്ള ഇന്ധനം വിച്ഛേദിച്ചെന്ന സൂചന നൽകി എഎഐബിയിലെ രണ്ട് ഉദ്യോഗസ്ഥർ തന്നോട് സംസാരിച്ചതായി അദ്ദേഹത്തിന്റെ പിതാവ് പുഷ്കർ പറയുന്നു.
2025 ജൂൺ 12നാണ് 241 യാത്രക്കാരുൾപ്പടെയുള്ള 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഎഐബി സമർപ്പിച്ച അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒറ്റ സെക്കൻഡിൽ നിലയ്‌ക്കുകയും ഇത് കോക്ക്പിറ്റിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |