തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചതായും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അല്ലെങ്കില്‍ ഇഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ലെന്നും വലിയ തട്ടിപ്പും കൊള്ളയും അഴിമതിയുമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മഹിളാ മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ രാജിവെക്കണം. കേരളത്തിലെ കോണ്‍ഗ്രസും ഇടതുപക്ഷവും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ തീവെട്ടിക്കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ പടനയിക്കാന്‍ മഹിളാമോര്‍ച്ചയുണ്ടാകുമെന്ന് ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ പൗഡര്‍കുട്ടപ്പന്‍മാരായി ടി വി ചാനലുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു കോണ്‍ഗ്രസുകാര്‍. അന്ന് ഞങ്ങളാണ് ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരായ സുധാകരനെയും അച്യുതാനന്ദനെയും പോലെയുള്ള സഖാക്കള്‍ക്ക് നാണക്കേടാണ് പിണറായിയുടെ മകന്‍ വിവേകെന്നും ശോഭാസുരേന്ദ്രന്‍ ആരോപിച്ചു.
വര്‍ഷങ്ങളായി ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ച പിണറായി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് പറഞ്ഞു. അന്ന് നാമജപയാത്ര നടത്തി പ്രതിഷേധിച്ച അമ്മമാരാണ് ഇന്നും സമരരംഗത്തുള്ളത്. ആ സമരത്തിന്റെ പേരില്‍ നിരവധി കേസുകളില്‍ പെട്ട് കോടതി കയറിയിറങ്ങുന്നവരാണ് ഇവരില്‍ പലരും. അന്നത്തെ സമരം നാമം ജപിച്ചായിരുന്നെങ്കില്‍ , ഇന്നത്തെ ഈ പ്രതിഷേധം അതിലും ശക്തമാണ്.
ശബരിമല വിഷയത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു പരാജയമായിരുന്നു. ആളില്ലാത്തതുകൊണ്ട് അത് 'ആഗോള ആളില്ലാ സംഗമം' ആയി മാറിയെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് ശബരിമലയുടെയും അയ്യപ്പ സംഗമത്തിന്റെയും പേരില്‍ സര്‍ക്കാര്‍ പിരിച്ചെടുത്തത്. ഇങ്ങിനെ കേരളത്തെ മുഴുവന്‍ കൊള്ളയടിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ മഹിളാ മോര്‍ച്ചയ്ക്ക് സാധിക്കില്ലെന്നും നവ്യാഹരിദാസ് പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് മഹിളാ മോര്‍ച്ച ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നും നവ്യ ഹരിദാസ് പറഞ്ഞു.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ എസ്.സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ ഐപിഎസ്, സംസ്ഥാന സെക്രട്ടറിമാരായ എൻ.പി. അഞ്ജന, രേണുസുരേഷ്, വക്താവ് ടി.പി. സിന്ധുമോൾ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജ സി നായർ, അഡ്വ. സിനി മനോജ്, ആർ.സി. ബീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |