മുഹമ്മ: വാർദ്ധക്യത്തിന്റെ അവശതയിലും തളരാത്ത ആവേശവുമായി മുൻ സ്കൂൾ കായിക താരം റവന്യു ജില്ലാ കലോത്സവത്തിനെത്തിയത് കൗതുകമായി. എഴുപത്തി രണ്ടുകാരിയായ രാധമ്മയാണ് കൊച്ചുമകൾ കീർത്തന ജിനീഷിനെ കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ
മുഹമ്മ കാർമൽ സ്റ്റേഡിയത്തിലെത്തിയത്. ഇതിനായി കടക്കരപ്പള്ളി കൊച്ചിനിക്കാട് വീട്ടിൽ നിന്ന് മകളുടെ വീടായ കലവൂർ അമ്പാടിയിൽ നേരത്തെ തന്നെ രാധമ്മ എത്തിയിരുന്നു. കീർത്തനയെ മത്സരങ്ങൾക്ക് സ്ഥിരമായി കൊണ്ടുപോകുന്നത് രാധമ്മയാണ്.
1977ൽ കടക്കരപ്പള്ളി കണ്ടമംഗലം സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസാകുന്നതു വരെ
കായികമേളകളിലെ മിന്നും താരമായിരുന്നു രാധമ്മ. ലോംഗ്ജമ്പ് , ഷോട്ട് പുട്ട്, ഓട്ടം, വലംവലി തുടങ്ങിയ ഇനങ്ങളിലായിരുന്നു സംസ്ഥാന സ്കൂൾ കായികമേളകളിൽ മത്സരിച്ചിരുന്നത്.
സ്വർണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ നിരവധി മെഡലുകളും നേടി. അന്നത്തെ
ട്രോഫികളും സർട്ടിഫിക്കറ്റുകളും ഒരു നിധിപോലെ രാധമ്മ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
2005ൽ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന രാധമ്മ, ഇപ്പോൾ പഞ്ചായത്തിന്റെ വീട്ടുകരം പിരിക്കുന്നതിനും തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്.
എന്തായാലും രാധമ്മയുടെ സാന്നിദ്ധ്യം, സ്ഥിരമായ പരിശ്രമത്തിലൂടെ വലിയ നേട്ടങ്ങൾ കൈരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കൊച്ചുമകൾക്ക് പകർന്നു നൽകുമെന്നതിൽ സംശയമില്ല.
ട്രിപ്പിൾ ജമ്പ് സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കീർത്തന,
ഹൈ ജമ്പ്, 400, 800 മീറ്റർ ഓട്ടം, 400 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ഇന്ന് മത്സരിക്കുന്നുണ്ട്.കലവൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ കീർത്തന, പ്രീതി കുളങ്ങര കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ അക്കാദമിയിൽ കെ.ആർ.സാംജിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |