കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. രാഷ്ട്രപതിയെത്തുന്ന 22ന് മുപ്പതിനായിരം തീർത്ഥാടകർ സന്നിധാനത്ത് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ അതീവജാഗ്രത പാലിക്കണമെന്നും മുൻകൂട്ടി തയ്യാറെടുക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടും അനുമതിതേടി ദേവസ്വം ബോർഡ് സമർപ്പിച്ച അപേക്ഷയും കോടതി അംഗീകരിച്ചു. രാഷ്ട്രപതി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ (കെ.എൽ 01 ഡി.ജി. 7082) ആംബുലൻസ് ഉൾപ്പെടെ പൊലീസിന്റെ ആറു വാഹനങ്ങൾക്കാണ് കോടതി അനുമതി നൽകിയത്.
സ്വാമി അയ്യപ്പൻ റോഡിലൂടെയോ പരമ്പരാഗത പാതയിലൂടെയോ ആകും യാത്ര. വി.വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ട, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'ബ്ലൂ ബുക്ക്" പ്രോട്ടോക്കോൾ കർശനമായി പാലിച്ചുവേണം ക്രമീകരണങ്ങളെന്നും കോടതി നിർദ്ദേശിച്ചു. വാഹന വ്യൂഹത്തിന്റെ റിഹേഴ്സലിനും അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |