കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപിന്റെ മകൾ ഒമ്പതുവയസുള്ള അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ.
കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. അനയയുടെ മരണത്തിൽ ആശയക്കുഴപ്പമുള്ളതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന് വിലയിരുത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാൻ ആലപ്പുഴ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷേ, അമീബ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല.ആഗസ്റ്റ് 14നാണ് അനയ മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് മരിച്ചു.
മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പനിയെ തുടർന്നാണ് മകൾ മരിച്ചതെന്ന് തന്നോട് പറഞ്ഞിരുന്നതായി സനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. താമരശ്ശേരി ആശുപത്രിയിലെ ഡോക്ടർമാർ യഥാസമയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തിരുന്നുവെങ്കിൽ മകൾ മരിക്കില്ലെന്നും പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ല, അനയ മരിച്ചതെന്ന് സനൂപ് വിശ്വസിച്ചിരുന്നതായി ഭാര്യ റംബീസയും വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |