SignIn
Kerala Kaumudi Online
Saturday, 18 October 2025 10.49 AM IST

ഇങ്ങനെയൊരു പെൺകുട്ടിക്ക്‌ കോൺഗ്രസ്‌ അല്ലാതെ മറ്റാര് നൽകും ഇതെല്ലാം; നിറകണ്ണുകളോടെയാണ് ഇതിനെ കാണുന്നത്

Increase Font Size Decrease Font Size Print Page
remya

കഴിഞ്ഞ ദിവസമാണ് മുൻ ആലത്തൂർ എം പി രമ്യ ഹരിദാസിനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ വികാരനിർ‌ഭരമായ കുറിപ്പുമായെത്തിയിരിക്കുകയാണ് അവർ. ഗ്രാമത്തിൽ ജനിച്ച പിന്നാക്ക സമുദായത്തിൽപ്പെട്ട, ദാരിദ്ര പശ്ചാത്തലമുള്ള ഒരു പെൺകുട്ടിയ്ക്ക് ഈ പാർട്ടി അല്ലാതെ മറ്റാരാണ് ഇതെല്ലാം തരുന്നത് എന്ന് അവർ ചോദിക്കുന്നു.

തന്നിൽ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ ഉന്നത പദവിയിലേക്ക് നിയമിച്ചതിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി യോടും കെപിസിസി നേതൃത്വത്തോടും അവർ നന്ദി അറിയിച്ചു. കെപിസിസിയുടെ വൈസ് പ്രസിഡന്റ് പദവി നൽകിക്കൊണ്ടുള്ള ഉത്തരവ് നിറകണ്ണുകളോടെയാണ് കാണുന്നതെന്നും അവർ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മറ്റേത് പാർട്ടിക്ക് കഴിയും ഇതുപോലെയൊന്ന്... എന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അല്ലാതെ...

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തിൽ നിന്നും ദരിദ്ര പശ്ചാത്തലത്തിൽ പിന്നോക്ക സമുദായത്തിൽ ജനിച്ച്, പാർട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിച്ചു യോഗങ്ങൾ സംഘടിപ്പിച്ചു കൂട്ടുകാരെ കൂട്ടിയും കൊടി പിടിച്ചു നടന്നിരുന്ന ഒരു പെൺകുട്ടിക്ക് ഈ പാർട്ടി അല്ലാതെ മറ്റാര് നൽകും ഇതെല്ലാം...

കുട്ടിക്കാലത്ത് കളിച്ചു വളരുന്ന പ്രായത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണക്കൊടി കണ്ടുകൊണ്ടാണ് ഞാൻ വളരുന്നത്, അമ്മയുടെ കൈപിടിച്ച് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ കാണാൻ പോയത് സ്വപ്നം പോലെയാണ്, എങ്കിലും ഇന്നും ഓർമ്മയിലുണ്ട്...

പഠനകാലം മുതൽ KSUവിന്റെ നീല പതാകയായിരുന്നു മനസിലും കൈകളിലും.KSU പരിപാടികളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഗാന്ധിദർശൻ പദ്ധതിയുമായി അടുക്കുന്നത്. സേവാഗ്രാമും, സബർമതിയും ഗാന്ധിജിയുടെ വീക്ഷണവും കൂടുതൽ അറിഞ്ഞപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിസവും ആത്മാവിന്റെ ഭാഗമായി. ഏകതപരിഷത്തിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ വിവിധ വിഭാഗങ്ങളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സഹായിക്കാനും ചുറ്റി സഞ്ചരിച്ച് പലയിടങ്ങളിലും ആഴ്ചകളോളം തങ്ങി, ക്യാമ്പുകളിൽ പങ്കെടുത്തു. രാജ്യത്തോടുള്ള പ്രതിബദ്ധത എന്തെന്ന് ബോധ്യപ്പെടുത്തുന്നതും സാമൂഹ്യപ്രവർത്തനത്തിന്റെ മേന്മ ഉയർത്തി കാണിക്കുന്നതും ആയിരുന്നു ആ യാത്രകൾ.. ഒരു മുഴുവൻ സമയ സാമൂഹ്യപ്രവർത്തകയാകണം എന്ന ആഗ്രഹം മനസിൽ ഊട്ടിയുറപ്പിച്ചതും ആ യാത്രയാണ്.

യൂത്ത് കോൺഗ്രസിന്റെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആദ്യമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചപ്പോൾ കോഴിക്കോട് പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞു. ആ സമയത്ത് തന്നെയാണ് ഡൽഹിയിൽ വെച്ച് നടന്ന അഖിലേന്ത്യ യൂത്ത് കോൺഗ്രസിന്റെ യോഗത്തിൽ വച്ച് കേരളത്തിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചത്. രാഹുൽജിയുടെ അനുഗ്രഹത്തോടെ അന്ന് സംസാരിച്ചു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയായ എനിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു ദേശീയതലത്തിലെ ആ വേദി. ദേശീയ മാധ്യമങ്ങളിൽ അടക്കം അവ ചർച്ച ആവുകയും ചെയ്തു.

തുടർന്ന് യുപിഎ ഗവൺമെന്റിന്റെ കാലത്ത് ജപ്പാനിൽ വച്ച് നടന്ന അന്തർദേശീയ യുവജന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ചതും ഭാഗ്യമായി കാണുന്നു.

അതിനുശേഷം യൂത്ത് കോൺഗ്രസിന്റെ ദേശീയ കോഡിനേറ്റർ ആയി എന്നെ പാർട്ടി പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചു. യുപിഎ സർക്കാർ പുറത്തിറക്കിയ പരസ്യങ്ങളിൽ പോലും എന്റെ മുഖം പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ അഭിമാനം നൽകുന്നു. ഏൽപ്പിച്ച ഉത്തരവാദിത്യങ്ങളും തിരഞ്ഞെടുപ്പ് ചുമതലകളും കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തനം തുടരാനും സംഘടിപ്പിക്കാനും പ്രേരകശക്തിയായ ഇത്തരം ക്യാമ്പുകളിൽ നിന്നും ലഭിച്ച അനുഭവ പാഠങ്ങൾ ആയിരുന്നു. നിലമ്പൂർ ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റിയും നടപ്പിലാക്കിയ ദേശീയ ശ്രദ്ധയെ ആകർഷിച്ച ഒരുപാട് പദ്ധതികളിൽ കോഡിനേറ്റർ ആയി പ്രവർത്തിക്കാനും എന്നെ പ്രാപ്തിയാക്കിയത് പ്രസ്ഥാനത്തിലൂടെ ലഭിച്ച അറിവും നേതൃപാടവവുമാണ്.

2015 ൽ പാർട്ടി എന്നെ ഏൽപ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമായിരുന്നു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയി മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ജനറൽ സീറ്റിൽ മത്സരിച്ചു വിജയിച്ച് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാനും പാർട്ടി എന്നെ നിയോഗിച്ചു. പാർലമെന്ററി രംഗത്ത് എന്റെ ആദ്യ ചുവടുവെപ്പ് ആയിരുന്നെങ്കിലും നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്തും അവരുടെ പിന്തുണയോടെയും നല്ല രീതിയിൽ തന്നെ ഭരണം കാഴ്ചവെക്കാൻ കഴിഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയായിരുന്നു ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം യുഡിഎഫിന് വിജയിക്കാൻ കഴിയാതിരുന്ന ആ മണ്ഡലത്തിൽ പ്രവർത്തകരുടെയും നേതാക്കളുടെയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ ഒന്നരലക്ഷത്തിലധികം വോട്ടിനാണ് പാർലമെന്റ് അംഗമായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്.

നാടിന്റെയും മണ്ഡലത്തിന്റെയും വിവിധ വിഷയങ്ങൾ പാർലമെന്റിൽ സംസാരിക്കുകയും വനിതാ ബില്ലടക്കം വ്യത്യസ്തമായ ബില്ലുകളിൽ പാർട്ടിയുടെ അഭിപ്രായം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റ് അംഗമെന്ന നിലയിൽ മണ്ഡലത്തിൽ ഉടനീളം വിവിധ പദ്ധതികൾ നടത്താനും ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാനും കഴിഞ്ഞതും എല്ലാവരുടെയും പിന്തുണയോടെയാണ്.

രണ്ടാം തവണയും പാർട്ടി പാർലമെന്റിലേക്ക് മത്സരിക്കാൻ എനിക്ക് അവസരം നൽകി എന്നതും നന്ദിയോടെ ഞാൻ ഓർക്കുന്നു. ചേലക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പാർട്ടി സ്ഥാനാർത്ഥിയാവാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ തീരുമാനം ശിരസ്സാവഹിച്ച് പ്രവർത്തകരോടൊപ്പം നേതാക്കന്മാരോടൊപ്പം ഇടതുപക്ഷത്തിന് അരലക്ഷത്തോളം ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തിൽ കേവലം പതിനായിരത്തിലധികം മാത്രം വോട്ടിന്റെ കുറവിലേക്ക് പാർട്ടിയെ എത്തിക്കാൻ കഴിഞ്ഞു എന്നത് എല്ലാവരുടെയും പിന്തുണ കൊണ്ട് കൂടിയാണ്.

ഇക്കാലയളവിൽ പാർട്ടി യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ സെക്രട്ടറിയായി, പിന്നീട് ജനറൽ സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തു. തമിഴ്നാടിന്റെ ചാർജുള്ള ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനും കഴിഞ്ഞു. കുട്ടികളെ സംഘടിപ്പിച്ചും പാട്ടു പാടിയും പ്രസംഗിച്ചും ഒന്നിച്ചു യാത്രകൾ നടത്തിയും ചേർത്ത് പിടിച്ച ജവഹർ ബാലജന വേദി എന്ന കുട്ടികളുടെ സംഘടന എഐസിസിയുടെ ഔദ്യോഗിക പോഷക സംഘടനയാക്കാനുള്ള നിവേദനം നൽകാനും അംഗീകാരം വാങ്ങാനും കഴിഞ്ഞു എന്ന ഭാഗ്യവും ഉണ്ടായി. എഐസിസിയുടെ അംഗമായും പാർട്ടി എന്നെ തിരഞ്ഞെടുത്തു.

പാർട്ടി പുതിയ ഒരു ഉത്തരവാദിത്വം കൂടി ഏൽപ്പിക്കുന്നു. കെപിസിസിയുടെ വൈസ് പ്രസിഡന്റ് പദവി. എന്നെ സംബന്ധിച്ചിടത്തോളം നിറകണ്ണുകളോടെയാണ് ഞാൻ ഈ ഉത്തരവ് കാണുന്നത്.. ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും കോഴിക്കോട് ജില്ലയുടെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ബ്ലോക്ക് മെമ്പർ ആക്കുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കുക സ്വപ്നം കാണാൻ പോലും കഴിയാത്ത ഇന്ത്യൻ പാർലമെന്റിലേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കുക, നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുക..

പ്രഗൽഭരായ നേതാക്കൾ അലങ്കരിച്ചിരുന്ന എഐസിസി അംഗം യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദം... പാർട്ടി എനിക്ക് നൽകിയത് സ്വപ്നം കാണാൻ പോലും കഴിയാത്ത പദവികളാണ്... ഇതുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത്..അവിടെ ജാതിയില്ല മതമില്ല ലിംഗ ഭേദമില്ല...

പാർട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിച്ചു കൂട്ടുകാരെ സംഘടിപ്പിച്ചു നടന്നിരുന്ന ഒരു കുട്ടിക്കാലത്ത് ആരാധനയോടുകൂടി നോക്കി കണ്ടിരുന്ന നേതാക്കളോടൊപ്പം എത്രയെത്ര വേദികൾ പങ്കിട്ടു... ദൈവമേ നിനക്ക് നന്ദി..

പ്രിയപ്പെട്ടവരെ, എന്നെന്നും എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് ഈ നാട്ടിലെ ജനങ്ങളാണ്, എന്റെ പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരാണ്.. നിങ്ങളുടെ സ്നേഹമാണ് ഓരോ പ്രതിസന്ധികളിലും എന്നെ മുന്നോട്ടു നയിച്ചിട്ടുള്ളത്.

വീഴ്ചകൾ ഉണ്ടാകുമ്പോൾ ചൂണ്ടിക്കാണിക്കാനും എന്നെ തിരുത്താനും നിങ്ങൾ കൂടെ ഉണ്ടാകണം. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം വിജയകരമായി പൂർത്തിയാക്കാൻ രാജ്യത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറണം അതിന് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം.

എന്നിൽ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ ഉന്നത പദവിയിലേക്ക് നിയമിച്ചതിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി യോടും കെപിസിസി നേതൃത്വത്തോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

TAGS: REMYA HARIDAS, KERALA, LATESTNEWS, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.