കൊച്ചി: പാലിയേക്കരയിൽ ഉപാധികളോട് ടോൾ പിരിക്കാമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അംഗമായ ഡിവിഷൻ ബെഞ്ചാണ് നിർണായക ഉത്തരവിറക്കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതിക്കിയ നിരക്ക് പിരിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ട സേവനങ്ങൾ നൽകാതെ ടോൾ പിരിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി മുൻപ് പറഞ്ഞത്. തൃശൂർ ജില്ലാ കളക്ടർ ഈ വിഷയത്തിൽ നൽകിയ റിപ്പോർട്ടും കൂടി പരിഗണിച്ചശേഷമാണ് നിർണായക തീരുമാനമെടുത്തിരിക്കുന്നത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി നിർത്തിവച്ചത്. ടോൾ പിരിവ് പുനഃരാരംഭിക്കാൻ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് കളക്ടർ കോടതിയെ അറിയിച്ചിരുന്നു.
മേഖലയിലെ ഗതാഗതകുരുക്കും റോഡിലെ പ്രശ്നങ്ങളും തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചതിനാല്‍ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ സമയം വേണമെന്ന് ദേശീയപാത അതോറിറ്റിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും. ആഗസ്റ്റ് ആറിനാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |