കൊല്ലം: കരുനാഗപ്പള്ളി ക്ലാപ്പന കോട്ടയ്ക്കുപ്പുറം ആയിക്കോമത്ത് വീടിന്റെ പൂമുഖത്ത് എല്ലാ ദിവസവുമുണ്ടാവും ഒരു പൂക്കളം. ഓണക്കാലം ഓർമ്മകളിലേക്ക് മറയുമ്പോഴാണ് റിട്ട. അദ്ധ്യാപികയായ എം.എസ്.ജയലക്ഷ്മി അമ്മ (64) പൂക്കളത്തെ വിടാതെ പിന്തുടരുന്നത്.
കഴിഞ്ഞ വർഷം അത്തം ദിനത്തിലാണ് പൂവിടൽ തുടങ്ങിയത്. വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പവിഴമല്ലി പൂത്ത് പൂക്കൾ നിറഞ്ഞപ്പോഴാണ് ആദ്യമായി പൂക്കളമിട്ടത്. പവിഴമല്ലി മാത്രമാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പവിഴമല്ലി കുറഞ്ഞപ്പോൾ തൊടിയിലെ നാടൻപൂക്കൾ ഉപയോഗിച്ചു. പൂക്കളങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഓരോ സന്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും മുടങ്ങാതെ അയച്ചു തുടങ്ങി.
പതിവ് തെറ്റാതെ എത്തുന്ന സന്ദേശം എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. ഇതോടെ ടീച്ചർ കൂടി അംഗമായ, അറുപത് വയസ് പിന്നിട്ടവരുടെ കൂട്ടായ്മയായ എം.ജി യൂ ത്രി എ (യൂണിവേഴ്സിറ്റി ഒഫ് ദി തേഡ് ഏജ്) കരുനാഗപ്പള്ളി 'ഇക്കിഗായി' യൂണിറ്റിലെ അംഗങ്ങൾ പൂക്കളങ്ങളും ടീച്ചർ അയച്ച സന്ദേശങ്ങളും ഉൾപ്പെടുത്തി 'പവിഴമല്ലി പൂക്കളം' എന്ന പേരിൽ ഫോട്ടോ ആൽബം തയ്യാറാക്കി. കഴിഞ്ഞ 6ന് കൊല്ലത്ത് സംഘടിപ്പിച്ച കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ജയലക്ഷ്മി അമ്മയ്ക്ക് സ്നേഹോപഹാരമായി സമ്മാനിച്ചു.
പൂക്കളം പുലർച്ചെ
ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതാദ്ധ്യാപികയായിരുന്നെങ്കിലും ചെറുപ്പം മുതൽ മലയാള ഭാഷയോട് വലിയ ഇഷ്ടമായിരുന്നു. 2017ൽ വിരമിച്ച ശേഷം വായനയും പൂന്തോട്ട പരിപാലനവുമായി മുന്നോട്ട് പോയി. പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് പൂക്കളമിടും. അടുത്ത ദിവസം പുതിയത് ഇടുമ്പോഴാണ് പഴയത് മാറ്രുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പരേതനായ എ.ആർ.മനോഹരൻപിള്ളയാണ് ഭർത്താവ്. മക്കൾ: വിഷ്ണുപ്രസാദ്, ഭാഗ്യലക്ഷ്മി.
പൂക്കൾ നിറഞ്ഞപ്പോൾ ഇട്ടുതുടങ്ങിയതാണ് പൂക്കളം. മുടക്കം വരുത്തിയിട്ടില്ല. സന്ദേശങ്ങളോടെ അവയുടെ ചിത്രങ്ങൾ കൈമാറുന്നതും ദിനചര്യയുടെ ഭാഗമായി.
എം.എസ്.ജയലക്ഷ്മി അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |