കൊല്ലം: കൊല്ലത്തിന്റെ കൗമാര കായിക മാമാങ്കത്തിൽ അഞ്ചലിന് കിരീടം. വാശിയേറിയ മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അഞ്ചൽ തുടക്കം മുതൽ തേരോടിച്ചത്. 67-ാമത് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ആദ്യ ദിനം മുതൽ മുന്നേറിയ അഞ്ചലിന് ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
19 സ്വർണവും 23 വെള്ളിയും 21 വെങ്കലവുമടക്കം 185 പോയിന്റുകൾ സ്വന്തമാക്കിയാണ് അഞ്ചൽ ഉപജില്ല ചാമ്പ്യന്മാരായത്. 109 പോയിന്റുകൾ നേടി ചാത്തന്നൂരിനാണ് രണ്ടാം സ്ഥാനം. 16 സ്വർണവും 7 വെള്ളിയും 8 വെങ്കലവുമാണ് ചാത്തന്നൂർ നേടിയത്. 9 സ്വർണവും 7 വെള്ളിയും 12 വെങ്കലവുമായി 78 പോയിന്റുകൾ നേടി പുനലൂർ മൂന്നാം സ്ഥാനത്തും 5 സ്വർണവും 11 വെള്ളിയും 9 വെങ്കലവും നേടി ആതിഥേയരായ കൊട്ടാരക്കര 67 പോയിന്റോടെ നാലാം സ്ഥാനത്തുമെത്തി. ചവറ (60), കുണ്ടറ (39), ചടയമംഗലം (30), കൊല്ലം (29), കുളക്കട (27), കരുനാഗപ്പള്ളി (21), വെളിയം (13), ശാസ്താംകോട്ട (10) എന്നീ ക്രമത്തിൽ പോയിന്റുകൾ നേടി.
അഞ്ചലിന്റെ ചുണക്കുട്ടികൾ
മൂന്ന് ദിവസത്തെ കായിക മേളയിൽ മികച്ച കായിക പ്രതിഭകളെ ഇറക്കിയാണ് അഞ്ചൽ ഉപജില്ല ഓവറാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. സ്വർണവേട്ട നടത്തി പോയിന്റുകൾ വാരിക്കൂട്ടിയ അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുണക്കുട്ടികളായിരുന്നു തുറുപ്പുചീട്ട്. 7 സ്വർണവും 10 വെള്ളിയും 18 വെങ്കലവുമായി 83 പോയിന്റ് നേടിയാണ് അഞ്ചൽ വെസ്റ്റ് സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള ട്രോഫി സ്വന്തമാക്കിയത്. 11 സ്വർണവും 3 വെള്ളിയും 4 വെങ്കലവുമായി 68 പോയിന്റ് നേടിയ ചാത്തന്നൂർ പൂതക്കുളം ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. 4 സ്വർണവും 6 വെള്ളിയും 6 വെങ്കലവും നേടി 44 പോയിന്റുകളോടെ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
വ്യക്തിഗത ചാമ്പ്യന്മാർ
സബ് ജൂനിയർ (ആൺ): ശ്രീഹരി സജീഷ് കുമാർ (ഗവ.എച്ച്.എസ്.എസ്, പൂതക്കുളം, ചാത്തന്നൂർ).
സബ് ജൂനിയർ (പെൺ): ലിയോന സജു (ഗവ.എച്ച്.എസ്.എസ്, അഞ്ചൽ ഈസ്റ്റ്)
ജൂനിയർ (ആൺ): ട്രോയ്.എം.എസ്.ഹെൻസൺ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം)
ജൂനിയർ (പെൺ): അപർണ പ്രകാശ് (ഗവ.എച്ച്.എസ്.എസ്, പൂതക്കുളം, ചാത്തന്നൂർ)
സീനിയർ (ആൺ): എസ്.ആദർശ് (ഗവ.എം.ആർ.എസ്, കുളത്തൂപ്പുഴ)
സീനിയർ (പെൺ): ജിവിയ ജോസ് (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ)
പരാതികളില്ലാതെ സമാപനം
മഴയും കടുത്ത വെയിലും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലൂടെ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് സമാപനമായി. മത്സരങ്ങൾ മാറ്റിവയ്ക്കേണ്ട സ്ഥിതിയുമുണ്ടായി. എന്നിട്ടും കൃത്യതയോടെ പൂർത്തിയാക്കി, പരാതികളില്ലാതെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. ഇന്നലെ വൈകിട്ട് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നടത്തി. ജില്ലാ- ബ്ളോക്ക്- നഗരസഭ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അദ്ധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |