തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിൽ മുതിർന്ന നേതാവ് കെ.മുരളീധരനും ചാണ്ടി ഉമ്മൻ എം.എൽ.എയും ദേശീയ വ്യക്താവ് ഷമാ മുഹമ്മദുമൊക്കെ നീരസം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചു.. താൻ നിർദ്ദേശിച്ച പേരുകൾ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെടാത്തതാണ് മുരളീധരനെ ചൊടിപ്പിച്ചത്. പട്ടികയിൽ തന്റെ പേരു വരാത്തതിലാണ് ചാണ്ടി ഉമ്മന്റെ വിഷമം.
പഴയ ഐ, എ ഗ്രൂപ്പുകൾക്ക് ഒപ്പത്തിനൊപ്പം പ്രാതിനിധ്യം നൽകിയെങ്കിലും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് സ്വാധീനം കിട്ടത്തക്ക വിധമാണ് പട്ടികയുടെ രൂപഘടനയെന്ന് പാർട്ടിയിൽ സംസാരമുണ്ട്. കെ.പി.അനിൽകുമാർ സി.പി.എമ്മിലേക്കും പത്മജാ വേണുഗോപാൽ ബി.ജെ.പിയിലേക്കും പോവുകയും ശൂരനാട് രാജശേഖരൻ മരണപ്പെടുകയും ചെയ്തതോടെ അംഗബലം കുറഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറു പേർ കൂടി വന്നതോടെ 39 അംഗങ്ങളായി. വൈസ് പ്രസിഡന്റു പദവിയിൽ വി.ടി.ബലറാമിനെയും വി.പി സജീന്ദ്രനെയും നിലനിറുത്തിയപ്പോൾ , എൻ.ശക്തനെയും വി.ജെ.പൗലോസിനെയും ഒഴിവാക്കി.
മുൻ എം.പി രമ്യാ ഹരിദാസാണ് വൈസ് പ്രസിഡന്റുമാരിലെ വനിതാ മുഖം. ജനറൽ സെക്രട്ടറിമാരുടെ പട്ടികിൽ ഒമ്പത് വനിതകളാണ് ഇടം പിടിച്ചത്. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ വേണമെന്നാണ് ധാരണ . അങ്ങനെ വരുമ്പോൾ സെക്രട്ടറിമാരുടെ വലിയ ബാഹുല്യമാവും . തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സെക്രട്ടറിമാരെയും ഡി.സി.സി അദ്ധ്യക്ഷന്മാരെയും പ്രഖ്യാപിക്കാൻ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |