കേരളത്തിലെ സ്ഥാപനത്തെ തേടുന്നു
കൊച്ചി: കേരളത്തിലോടുന്ന വന്ദേഭാരതിൽ പുഴുവും പാറ്റയും വീണ ഭക്ഷണം നൽകിയതിന് കരാറിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനം, വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് കൊച്ചിയിൽ പൂട്ടിച്ച ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് ഗ്രൂപ്പിൽപ്പെട്ടത്. ഇതുൾപ്പെടെ ഡൽഹിയിലെ സ്ഥാപനങ്ങളാണ് റെയിൽവേ കാറ്ററിംഗ് കുത്തകകൾ.
താത്കാലിക ചുമതല നൽകിയ ഏജൻസികളുടെ ഭക്ഷണത്തെക്കുറിച്ചും വ്യാപക പരാതിയാണ്. കേരളത്തിലെ സ്ഥാപനങ്ങൾക്ക് കരാർ നൽകാൻ ഐ.ആർ.സി.ടി.സി ചർച്ചകൾ നടത്തിവരികയാണ്.
ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിലെല്ലാം ഭക്ഷണവിതരണം ബൃന്ദാവനാണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ റെയിൽവേ തന്നെ ഇവർക്ക് നേരിട്ട് കരാർ നൽകുകയായിരുന്നു. ചെറുകിട കരാറുകാർക്ക് ഇവർ മറിച്ചുനൽകും. നഗരത്തിലെ എളംകുളത്ത് ദുർഗന്ധം വമിക്കുന്ന കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മേയ് 14ന് കിച്ചൻ പൂട്ടിച്ചിട്ടും ഏറെനാൾ കരാർ തുടർന്നു.
റെയിൽവേ കാറ്ററിംഗ് രംഗത്തെ പ്രമാണി പതിറ്റാണ്ടുകളായി ഡൽഹിയിലെ ആർ.കെ അസോസിയേറ്റ്സാണ്. ഐ.ആർ.സി.ടി.സിയുടെ ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് ഇവർക്കാണ്. ആർ.കെയും ബൃന്ദാവൻ, രൂപ്‌സ് ഫുഡ്സ്, സത്യം ഫുഡ്സ് എന്നിവയും ചേർന്നാണ് ഭക്ഷണവിതരണം നിയന്ത്രിക്കുന്നത്. റെയിൽവേ ആരുഭരിച്ചാലും ഇവർക്ക് തന്നെയാവും കരാർ.
ആശ്വാസമായി കുടുംബശ്രീ
കൊച്ചി കോർപ്പറേഷന്റെ കുടുംബശ്രീ സംരംഭമായ സമൃദ്ധി കിച്ചന് എറണാകുളത്ത് നാലു ട്രെയിനുകളിലെ ഭക്ഷണവിതരണ കരാർ കിട്ടി. ജനശതാബ്ദി, പരശുറാം, ഇന്റർസിറ്റി, വേണാട് ട്രെയിനുകളാണിത്. വിലക്കുറവിൽ രുചികരമായ ഭക്ഷണം കിട്ടും. റെയിൽവേയുടെ മദദ് ആപ്പുവഴി (RailMadad) ഓൺലൈൻ ഓർഡർ ഉടൻ ഏറ്റെടുക്കും.
പരാതിപ്പെടാൻ
ഐ.ആർ.സി.ടി.സിക്കോ റെയിൽവേക്കോ പരാതി നൽകാം. ടി.ടി.ഇയോടും കാറ്ററിംഗ് സ്റ്റാഫിനോടും നേരിട്ടും പറയാം. മദദ് ആപ്പിനെയും ആശ്രയിക്കാം.
വെബ്സൈറ്റ് : www.irctc.co.in
ഹെൽപ്പ് ലൈൻ : 139
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |