ബംഗളൂരു: ഓല ഇലക്ട്രിക്സിലെ എൻജിനിയർ ആത്മഹത്യചെയ്ത സംഭവത്തിൽ കമ്പനി സ്ഥാപകൻ ഭവിഷ് അഗർവാൾ അടക്കം രണ്ടുപേർക്കെതിരേ കേസെടുത്ത് പൊലീസ്. 2022 മുതൽ ഓലയിൽ ഹോമോലോഗേഷൻ എൻജിനിയറായി ജോലി ചെയ്തിരുന്ന കെ. അരവിന്ദിനെ (38) ആണ് സെപ്തംബർ 28ന് ബംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതിനിടെ അരവിന്ദിന്റെ സഹോദരന് 28 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. ഭവിഷ് അഗർവാൾ,ഓലയിലെ ഉദ്യോഗസ്ഥനായ സുബ്രത് കുമാർ ദാസ് എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് അരവിന്ദ് അതിൽ ഉന്നയിച്ചത്. ഇരുവരും മാനസികമായി പീഡിപ്പിച്ചുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചെന്നും കുറിപ്പിൽ പറയുന്നു. കടുത്ത സമ്മർദ്ദത്തിലൊടുവിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും അരവിന്ദ് കുറിച്ചിട്ടുണ്ട്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് അരവിന്ദിന്റെ സഹോദരന്റെ പരാതിയിൽ ഒക്ടോബർ ആറിന് ഭവിഷ്, സുബ്രത് എന്നിവർക്കെതിരേ കേസ് ഫയൽ ചെയ്തത്. അതിനിടെ അരവിന്ദ് മരിച്ച് രണ്ടു ദിവസത്തിനു ശേഷം അരവിന്ദിന്റെ അക്കൗണ്ടിലേക്ക് 17,46,313 രൂപ എത്തിയത് ദൂരൂഹമാണെന്നും ഇതിനെ കുറിച്ചുള്ള വ്യക്തതയ്ക്കായി ഓലയെ സമീപിച്ചെങ്കിലും സുബ്രത് അവ്യക്തമായ മറുപടികളാണ് നൽകിയതെന്ന് സഹോദരൻ ആരോപിച്ചു. ഇരുവരെയും ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് അരവിന്ദിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഹൈക്കോടതിയെ സമീപിച്ച് കമ്പനി
അരവിന്ദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഓല ഇലക്ട്രിക് കമ്പനി. ആത്മഹത്യയിൽ കമ്പനിക്ക് പങ്കുണ്ടെന്ന എഫ്.ഐ.ആർ ചോദ്യം ചെയ്താണ് നടപടി. അരവിന്ദ് ഈ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ പരാതി ഉന്നയിച്ചിട്ടില്ലായെന്നാണ് കമ്പനി ഉന്നയിക്കുന്നത്. ഓല ഇലക്ട്രികിനും അതിന്റെ ഉദ്യോഗസ്ഥർക്കും സംരക്ഷണ ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്നും കുടുംബത്തിന് പിന്തുണ നൽകാനായി,അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നും കമ്പനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |