ന്യൂഡൽഹി: ഐഐടി ബിരുദധാരിയായ യുവാവ് അടിവസ്ത്രത്തിൽ മൂത്രമൊഴിച്ചു. അമേരിക്കയിലെ സിലിക്കൺ വാലിയിൽ പ്രതിവർഷം 500,000 ഡോളർ (4.39 കോടി) സമ്പാദിക്കുന്ന 25കാരനാണ് അമിതമായ മദ്യപാനത്തെ തുടർന്ന് അടിവസ്ത്രത്തിൽ മൂത്രമൊഴിച്ച് സഹയാത്രികരെ ബുദ്ധിമുട്ടിച്ചത്.
ദീപാവലി ആഘോഷങ്ങൾക്കായി സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് വരികയായിരുന്നു യുവാവ്. വാൻഷിൻ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതർപാലാണ് ഒക്ടോബർ 18ന് നടന്ന സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
16 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടെ 11 ബിയറുകൾ യുവാവ് അകത്താക്കിയെന്നാണ് ഖേതർപാൽ പറയുന്നത്. എയർഹോസ്റ്റസ് മൂന്ന് ബിയറിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഖേതർപാലിനോടും അദ്ദേഹത്തിന്റെ മൂന്നംഗ സംഘത്തോടും അവരുടെ ബിയറുകൾ കൈമാറാൻ യുവാവ് അഭ്യർത്ഥിക്കുകയായിരുന്നു.
"ബിയർ നൽകി കുറച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അയാൾ ബോധരഹിതനായി വീണു. അതിനു ശേഷമാണ് അടിവസ്ത്രത്തിൽ മൂത്രമൊഴിച്ചത്. നാറ്റം കാരണം ഞങ്ങൾക്ക് കുറച്ചു സമയത്തേക്ക് സീറ്റുകൾ മാറി ഇരിക്കേണ്ടിവന്നു! അതിനുശേഷം അയാൾ ഞങ്ങളെ നോക്കാൻ പോലും ധൈര്യപ്പെട്ടില്ല," ഖേതർപാൽ കുറിച്ചു.
പ്രതിവർഷം നാല് കോടി രൂപയോളം സമ്പാദിക്കുന്ന ഒരാൾക്ക് വിമാനത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ബിയറിനോടുള്ള ആർത്തി നിയന്ത്രിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന അത്ഭുതമാണ് ഖേതർപാൽ പങ്കുവച്ചത്. ഇന്ത്യക്കാർ ലോകത്തിനു മുന്നിൽ സ്വയം നാണം കെടുന്നത് എപ്പോഴാണ് നിർത്തുകയെന്നും അദ്ദേഹം ചോദിച്ചു.
ബിയർ കൈമാറിയതിനെതിരെ ഖേതർപാലിന്റെ പോസ്റ്റ് വന്നതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയർന്നു. മദ്യലഹരിയിലായ ഒരാൾക്ക് കൂടുതൽ ബിയർ നൽകി സാഹചര്യം വഷളാക്കാൻ നിങ്ങൾ കൂട്ടുനിന്നത് എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.
'നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരുമാണ് കുറ്റക്കാർ. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നിട്ടും നിങ്ങൾ എന്തിനാണ് കൂടുതൽ ബിയർ അയാൾക്ക് നൽകിയത്?' ഒരാൾ കമന്റ് ചെയ്തു.
'ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇന്ത്യക്കാരെ മാത്രം നാണം കെടുത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ നിർത്തുക," മറ്റൊരാൾ കുറിച്ചു. "എയർഹോസ്റ്റസിന് കുഴപ്പമുണ്ടെന്ന് തോന്നിയത് കൊണ്ടാണല്ലോ അവർ അയാൾക്ക് കൂടുതൽ ബിയർ നൽകാതിരുന്നത്. ആ നിയമം നിങ്ങൾ ലംഘിച്ചു," ചിലർ ചൂണ്ടിക്കാട്ടി.
വൈറലാകാൻ വേണ്ടി മെനഞ്ഞെടുത്ത കഥയാണിതെന്നും സംഭവത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു കൊണ്ട് ചിലർ അഭിപ്രായപ്പെട്ടു. ഇത് ആദ്യമായല്ല വിമാനയാത്രയ്ക്കിടെയുള്ള അതിരുവിട്ട പെരുമാറ്റങ്ങൾ വാർത്തയാകുന്നത്. 2022 നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബയ് സ്വദേശിയായ യുവാവ് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതും വലിയ വിവാദമായിരുന്നു.
On my SFO-Delhi flight today, the passenger next to me was a 25-year old Indian, IIT-Mumbai, earning almost $500K in an AI startup in Bay Area, heading home for Diwali.
— Gaurav Kheterpal (@gauravkheterpal) October 18, 2025
During the 16h flight, he gulped down 11 beers. When the flight attendant refused to give him more than 3…
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |