ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണത്തിന് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ രണ്ടു വർഷം നീണ്ടു നില്‍ക്കുന്ന വിജ്ഞാനപ്രദവും ഭക്തിനിർഭരവുമായ ചടങ്ങുകളോടെ നാളെ തുടക്കമാകും.
ഗുരുദേവ പരിനിർവ്വാണ ശതാബ്ദി ആചരണ സമ്മേളനം ഉച്ചയ്ക്ക് 12.50ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ , മന്ത്രി വി.എൻ വാസവൻ, മന്ത്രി വി.ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നാരായണ ഗുരുകുലം, എസ്.എൻ.ഡി.പി യോഗം,ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ശ്രീനാരായണ ക്ലബ്ബുകൾ, പ്രാദേശിക ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലാണ് ശതാബ്ദി ആചരണം..
മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
രാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന വകുപ്പ്തല സുരക്ഷാ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ .പാപനാശം ഹെലിപ്പാടിൽ ഹെലികോപ്റ്റർ ട്രയൽ റൺ നടത്തി .നേവി, കോസ്റ്റൽ, മറൈൻ എന്നിവയുടെ സംയുക്ത പരിശോധനകളും നടന്നു. റിസോർട്ടുകളിലെയും സ്ഥാപനങ്ങളിലെയും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട് .
ഹെലിപ്പാട് മുതൽ ശിവഗിരി വരെയുള്ള പാതയിൽ പൊലീസിന്റെ റോഡ് ട്രയൽ ഇന്ന് നടക്കും. 23ന് ഉച്ചയ്ക്ക് 12.40ന് ശിവഗിരിയിലെത്തുന്ന ദ്രൗപതി മുർമു മഹാസമാധിയിൽ ദർശനം നടത്തും.12.50മുതൽ 1.30വരെ പരിനിർവ്വാണ ശതാബ്ദി ആചരണ സമ്മേളനത്തിൽ പങ്കെടുക്കും ശിവഗിരി തീർത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് സമ്മേളനം.ഉച്ചഭക്ഷണം ശിവഗിരി മഠം സന്യാസി ശ്രേഷ്ഠർക്കൊപ്പമാകും.2.40ന് ശിവഗിരിയിൽ നിന്നും പുറപ്പെട്ട് 2.50ന് പാപനാശം ഹെലിപ്പാടിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |