ജീവിതത്തിൽ ഒരിക്കലെങ്കിലും മനസിനെ ശാന്തമാക്കാൻ ഒരു ആത്മീയയാത്ര പോകണമെന്ന് ആഗ്രഹിക്കുന്നവരാകും പലരും. വടക്കേ ഇന്ത്യയിലെ പുണ്യ സ്ഥലങ്ങളായ വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് എന്നിവയെല്ലാം ആത്മീയ യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്. ഇപ്പോഴിതാ 'അയോദ്ധ്യയോടൊപ്പം വിശുദ്ധ കാശി, പ്രയാഗ്‌രാജ്, ഗയ' എന്ന പേരിൽ ഐആർസിടിസി പുതിയതായി അവതരിപ്പിച്ച ആത്മീയയാത്രാ പാക്കേജിലൂടെ ഈ സ്ഥലങ്ങളെല്ലാം വളരെ എളുപ്പം സന്ദർശിക്കാം.
നവംബർ 18 മുതൽ 23 വരെ നീണ്ടുനിൽക്കുന്നതാണ് ഈ ആത്മീയ യാത്ര. വാരണാസി, പ്രയാഗ്‌രാജ്, അയോദ്ധ്യ, ബോധ് ഗയ എന്നിവിടങ്ങളിലെ പുരാതന ക്ഷേത്രങ്ങൾ, പുണ്യഘട്ടങ്ങൾ, ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് വളരെ ഫലപ്രദമാണ്. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ആറ് പകലും അഞ്ച് രാത്രിയും നീണ്ടുനിൽക്കുന്നതാണ് ഈ പാക്കേജ്. വിമാന ടിക്കറ്റുകൾ, വാഹന സൗകര്യം, ഹോട്ടലിലെ താമസം, ഭക്ഷണം, ഗൈഡ് എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ തീർത്ഥാടന സ്ഥലങ്ങളിലെ ദർശനത്തിനുള്ള ടിക്കറ്റുകളും ഈ പാക്കേജിന്റെ ഭാഗമാണ്. ഇവ മറ്റ് ബുദ്ധിമുട്ടുകളില്ലാതെ പൂർണമായും ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യാത്രക്കാരെ സഹായിക്കുന്നു.
വാരണാസി
വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്ന വാരണാസി, ആയിരക്കണക്കിന് വർഷങ്ങളായി ഉത്തരേന്ത്യയിലെ ഒരു മത-സാംസ്കാരിക കേന്ദ്രമാണ്. ഗംഗാനദിയുടെ തീരത്തുള്ള ഇവിടെയാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തി ദർശനം നടത്തുന്നത് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം.
പ്രയാഗ് രാജ്
അലഹബാദ് എന്നാണ് ചരിത്രപരമായി പ്രയാഗ്‌രാജ് അറിയപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ ഇവിടം മറ്റൊരു പ്രധാന ആത്മീയാകർഷണമാണ്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുടെയും രാജാവ് എന്ന പദവി സ്വന്തമാക്കിയ സ്ഥലമാണ് പ്രയാഗ് രാജ്.
അയോദ്ധ്യ
ശ്രീരാമന്റെ ജന്മഭൂമിയായാണ് അയോദ്ധ്യ അറിയപ്പെടുന്നത്. പുണ്യനദിയായ സരയുവിന്റെ തീരത്തുള്ള ഈ പുരാതന നഗരം സാകേത് എന്ന പേരിലും അറിയപ്പെടുന്നു. ചരിത്രപരവും ആത്മീയ പ്രാധാന്യവുമുള്ള ഇടമായതിനാൽ ഇന്ത്യയിലുടനീളമുള്ള ഭക്തർ ഇവിടേക്ക് ആകർഷിക്കപ്പെടുന്നു.
ബോധ് ഗയ
ബീഹാറിലെ ബോധ് ഗയയാണ് യാത്രയിലെ അവസാന തീർത്ഥാടന കേന്ദ്രം. അവിടെ ബോധിവൃക്ഷത്തിൻ ചുവട്ടിൽ ഗൗതമ ബുദ്ധന്റെ മഹത്വത്തിന്റെ തെളിവായി മഹാബോധി ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നു. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന സ്ഥലങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട ബോധ് ഗയ ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടകരെ ഇവിടേക്ക് ആകർഷിക്കുന്നു.
പാക്കേജ് ചെലവും ബുക്കിംഗും
ഒരാൾക്ക് 44,750 രൂപ എന്ന നിരക്കിലാണ് പാക്കേജ് ആരംഭിക്കുന്നത്. രണ്ടും മൂന്നും പേർക്ക് ഒന്നിച്ചും പാക്കേജ് ബുക്ക് ചെയ്യാം. അവർക്ക് യഥാക്രമം 40,350 രൂപയിലും 39,750 രൂപയിലും പാക്കേജ് ലഭ്യമാണ്. കുട്ടികൾക്കും പാക്കേജിൽ യാത്ര ചെയ്യാം, 21,300 രൂപ മുതൽ 36,600 രൂപ വരെയാണ് കുട്ടികളുടെ നിരക്കുകൾ.
ഐആർസിടിസിയുടെ ടൂറിസം പോർട്ടലിലൂടെ നേരിട്ടും ബുക്കിംഗ് നടത്താം. 29 യാത്രക്കാർക്ക് മാത്രമേ പാക്കേജ് ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/tourpackageBooking?packageCode=SEA16 ഈ വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |