
തിരുവനന്തപുരം: സി.പി.ഐ വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നതാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. നേരത്തെ യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടിയാണ് സി.പി.ഐ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പി.എം.ശ്രീ പദ്ധതിയിൽ സി.പി.ഐയ്ക്ക് കടുത്ത എതിർപ്പുണ്ട്. സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ തങ്ങളോടൊപ്പം സഹകരിക്കണമെന്നതാണ് യു.ഡി.എഫ് കൺവീനറായി വന്നതു മുതൽ താൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. യു.ഡി.എഫുമായി സി.പി.ഐ സഹകരിച്ചിരുന്ന ഘട്ടത്തിലാണ് സി.അച്യുതമേനോൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്നത്. വരുന്ന തിരഞ്ഞെടുപ്പിലും ഇതേപോലെ സഹകരിച്ചു പോകണമെന്നതാണ് തന്റെ നിലപാട്. സി.പി.ഐയുടെ പല നേതാക്കളുമായും മുമ്പ് പലവട്ടം ചർച്ച നടത്തിയിട്ടുള്ളതുമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായി ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. സി.പി.ഐ വന്നാൽ അവർക്ക് അഹർമായ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കും.ആർ.ജെ.ഡി ഉൾപ്പെടെയുള്ളവരെയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |