ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമരസമിതി
പിന്തുണച്ച് മഹല്ലും ചർച്ചും വ്യാപാരികളും
യു.ഡി.എഫ്. പ്രതിനിധി സംഘം ഇന്ന് കമ്പനിയിൽ
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിലെ പ്രതികളെ പിടികൂടാൻ പൊലീസ് റെയ്ഡ് കർശനമാക്കിയിരിക്കെ, ഉയർന്ന് പുതിയ വിവാദങ്ങളും. പൊലീസും കമ്പനിയധികൃതരും നടത്തിയ ഗൂഢാലോചനയാണ് തീവയ്പിന് പിന്നിലെന്ന് സമരസമിതി ആരോപിക്കുന്നു. ഇതേപ്പറ്റി ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്തി സി.പി.എമ്മും ഡി.വെെ.എഫ്.ഐക്കെതിരെ ആരോപണവുമായി എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. സമരം ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. ജനകീയ സമരത്തെ അടിച്ചമർത്തുകയാണ് പൊലീസെന്നാണ് യു.ഡി.എഫ് നിലപാട്.
തീവയ്പിന് പിന്നിൽ മാനേജ്മെന്റ് ഗുണ്ടകളാണെന്ന് സംയുക്ത സമരസമിതി ആരോപിക്കുന്നു. 11 വാഹനങ്ങൾ കത്തിച്ചുവെന്നത് അവിശ്വസനീയമാണ്. പഴകി ഉപയോഗശൂന്യമായ വാഹനങ്ങൾ മാത്രമേ കത്തിയിട്ടുള്ളൂ. ഇതിന്റെ പിന്നിൽ ആരെന്നതും വെളിപ്പെടുത്തണം. സമരം പൊളിക്കാൻ കമ്പനിതന്നെയാണ് ഇതിനെല്ലാം നേതൃത്വം നൽകിയതെന്നും സമരസമിതി ചെർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. തീവയ്പിൽ ആറ് കോടി നഷ്ടമുണ്ടായെന്ന് പറയുന്ന കമ്പനി 72 ദിവസം കൊണ്ട് പ്ളാന്റ് പ്രവർത്തന സജ്ജമാക്കുമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? നഷ്ടക്കണക്ക് വ്യാജമെന്നതിന് തെളിവാണിതെന്നും സമരസമിതി പറയുന്നു.കമ്പനി ഉടമകളിലൊരാൾ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി ചർച്ച നടത്തിയതായും സമരസമിതി ആരോപിക്കുന്നു. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയ സമയത്തു തന്നെ ഫാക്ടറിയിൽ തീവയ്പുമുണ്ടായി. സമരം നടന്ന സ്ഥലവും ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്. ഫാക്ടറിക്ക് പൊലീസ് കാവലുമുണ്ട്. എന്നിട്ടും അക്രമികൾ ഫാക്ടറിക്കകത്തെത്തിയതും ദുരൂഹമാണ്. അതേസമയം സംഘർഷദിവസം സമരത്തിൽ പങ്കെടുക്കാത്ത മറ്റൊരുവിഭാഗമാണ് അക്രമത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
ചിത്രം മാറിയത് എസ്.പി എത്തിയതോടെ?
സമരസ്ഥലത്തേയ്ക്ക് ആരുടെയോ നിർദ്ദേശ പ്രകാരം റൂറൽ എസ്.പി എത്തിയതോടെയാണ് രംഗം വഷളായത്. സമരത്തെ തുടർന്ന് റോഡിൽ നിറുത്തിയിട്ട പതിനഞ്ചോളം മാലിന്യവണ്ടികളിൽ മൂന്നെണ്ണം സമരക്കാരെ മാറ്റി കടത്തിവിടാൻ ശ്രമിച്ചതാണ് സംഘർഷത്തിലെത്തിയത്. അതിന് തൊട്ടു മുമ്പ് ജില്ല കളക്ടറുമായി ചർച്ച നടത്താൻ ധാരണയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളറിയാവുന്ന മുൻ ഡി.വെെ.എസ്.പിയെ സ്ഥലം മാറ്റിയതും സമരക്കാരെ ഒതുക്കാനാണെന്ന് ആക്ഷേപമുണ്ട്.
സംഘർഷ സാദ്ധ്യത മുമ്പും
സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ഫാക്ടറി മാനേജ്മെന്റിലെ ചിലർ അസഭ്യം പറഞ്ഞതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. രണ്ടായിരത്തോളമാളുകൾ തടിച്ചുകൂടിയിട്ടും ഫാക്ടറിക്കെതിരെ തങ്ങളൊന്നും ചെയ്തില്ലെന്ന് സമരസമിതിക്കാർ പറയുന്നു. സംഘർഷദിവസം രാവിലെ 8.30 മുതൽ വെെകിട്ട് നാല് വരെയും പ്രശ്നമില്ലായിരുന്നു.
സര്‍വകക്ഷി യോഗം ബുധനാഴ്ച
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 29ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ല കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഫ്രഷ് കട്ട് സമരത്തിന് പിന്തുണ
ഫ്രഷ് കട്ട് പ്ളാന്റിലെ മാലിന്യ പ്രശ്നത്തിനെതിരെ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പിന്തുണ. വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി ബസാർ യൂണിറ്റ്, മഹല്ല് കമ്മിറ്റി, മെെക്കാവ് സെന്റ് മേരീസ് ജാക്കോബെെറ്റ് സിറിയൻ ചർച്ച് എന്നിവയാണ് പിന്തുണ പ്രഖ്യാപിച്ചത്.
രണ്ടു പേർ കൂടി പിടിയിൽ
താമരശ്ശേരി: ഫ്രഷ് കട്ട് വിരുദ്ധ പ്രക്ഷോഭം സമരത്തിൽ പങ്കെടുത്ത രണ്ട് സമരസമിതി പ്രവർത്തകർ കൂടി പൊലീസ് കസ്റ്റഡിയിൽ. കൂടത്തായി സ്വദേശി സഫീറിനെ വയനാട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്, താമരശ്ശേരി സ്വദേശി മുഹമ്മദാണ് കസ്റ്റഡിയിലുള്ള മറ്റൊരാൾ. നേരത്തെ അറസ്റ്റ് ചെയ്ത കൂടത്തായി ബസാർ ആലപ്പൊയിൽ ഹൗസിൽ അബ്ദുൽ റഷീദ് (53),താമരശ്ശേരി രാരോത്ത് ചുണ്ടക്കുന്ന് കിണറുള്ളകണ്ടി ഹൗസിൽ ഭാവൻകുട്ടി കെ.എൻ (71) എന്നിവരെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം നാലായി.
എസ്.ഡി.പി.ഐ പൊതുയോഗം
താമരശ്ശേരി : “ഫ്രഷ് കട്ട് സമരം. എസ്.ഡി.പി.ഐ ജനങ്ങൾക്കൊപ്പം. സി.പി.എം-പൊലീസ്-ഫ്രഷ്കട്ട് ഗൂഡാലോചന തിരിച്ചറിയുക” എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ടി.പി യുസുഫ് അദ്ധ്യക്ഷനായി. ഇ.പി.റസാഖ്, ആബിദ് പാലക്കുറ്റി,സിദ്ദിക്ക് കരുവൻപൊയിൽ, പി.ടി അഹമ്മദ് പ്രസംഗിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ ഫാക്ടറിക്ക് പുറത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. അകത്തെ ദൃശ്യങ്ങളും പുറത്തു വിടണം.
ബാബു കുടുക്കിൽ, സമരസമിതി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |