കോഴിക്കോട്: കോന്നാട് ബീച്ചിനെ കോർപ്പറേഷൻ ഉന്തുവണ്ടികളുടെ ശവപറമ്പാക്കുന്നു. കോഴിക്കോട് ബീച്ചിൽ ഫുഡ് സ്ട്രീറ്റ് ആരംഭിച്ചതോടെ നേരത്തെ ബീച്ചിലുണ്ടായിരുന്ന പഴകിയതും ദ്രവിച്ചതുമായ ഉന്തുവണ്ടികളാണ് കോന്നാട് ബീച്ചിൽ പല ഭാഗങ്ങളിലായി തള്ളിയിരിക്കുന്നത്. മാത്രമല്ല, കോർപ്പറേഷൻ പിടിച്ചെടുത്ത ലെെസൻസില്ലാത്ത വാഹനങ്ങളും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം നടന്നതിന്റെ തലേദിവസം മുതൽ തന്നെ പഴയ ഉന്തുവണ്ടികൾ കൂട്ടത്തോടെ ഇവിടെ എത്തിച്ചിരുന്നു. പഴകി ദ്രവിച്ച ഉന്തുവണ്ടികൾ കോന്നാട് ബീച്ചിന്റെ സൗന്ദര്യം കെടുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
പഴയ ഉന്തുവണ്ടികളുടെ ഉടമകൾ കോർപ്പറേഷന്റെ കണ്ണുവെട്ടിച്ച് ഇവിടെ കച്ചവടത്തിനായി തമ്പടിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. രാത്രിയിൽ ഉന്തുവണ്ടികളുടെ മറപറ്റി സാമൂഹ്യവിരുദ്ധർ താവളമാക്കാനുള്ള സാദ്ധ്യതയും ഇവർ കാണുന്നു. കോന്നാട് ബീച്ചിൽ കൊണ്ടുവന്നിട്ട ഉന്തുവണ്ടികൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നേരത്തെ കോന്നാട് ബീച്ചിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. വിവാഹചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് തള്ളിയിരുന്നത്.
നാട്ടുകാർ ഇടപെട്ടതോടെയാണ് മാലിന്യം തള്ളുന്നത് ഒഴിവായത്. അതേസമയം, ഫുഡ് സ്ട്രീറ്റ് പരിസരത്ത് പഴയ ഉന്തുവണ്ടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ. ബീച്ചിൽ നേരത്തേ ഉണ്ടായിരുന്ന ലെെസൻസുള്ള 90 ഉന്തുവണ്ടികളാണ് പുതിയ സ്ട്രീറ്റിലുള്ളത്. ഉന്തുവണ്ടികൾ എടുത്തു മാറ്റിയില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തുവരും കാമ്പുറം-കോന്നോട്, സ്നേഹതീരം റസിഡൻസ് പ്രസിഡന്റ് യൂസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |