
കൊച്ചി: ഗുരുവായൂരപ്പന് സംഗീതക്കച്ചേരിയും പൊതുജനങ്ങൾക്ക് ജീവൻരക്ഷാ ബോധവത്കരണ ക്ലാസും. അതാണ് രമേഷ് മുഖ്യപ്രാണന്റെ സ്റ്റൈൽ. ഗതാഗതവകുപ്പിലെ ജോയിന്റ് ആർ.ടി.ഒ ആണ് രമേഷ് മുഖ്യപ്രാണൻ. 24 കൊല്ലത്തിനിടെ ഗതാഗതനിയമങ്ങളെക്കുറിച്ച് 1,800 ക്ലാസുകളിലായി ബോധവത്കരണം നൽകിയത് രണ്ടു ലക്ഷം പേർക്ക്. 13 കൊല്ലം തുടർച്ചയായി ഗുരുവായൂർ സന്നിധിയിലെ ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി നടത്തിയത് സ്വന്തം ചെലവിൽ. ഇക്കുറി ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷണപ്രകാരം ഡിസംബറിൽ കണ്ണനുമുന്നിൽ കച്ചേരി നടത്തും.
കലാലയങ്ങളിലും സർക്കാർ ഓഫീസുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും പൊതു സ്ഥലങ്ങളിലും ബോധവത്കരണം നടത്തുന്നു. ഡൽഹി ഐ.ഐ.ടി, ഗോരഖ്‌പൂർ ഐ.ഐ.ടി, പൂനെ സി.ഐ.ആർ.ടി എന്നിവിടങ്ങളിൽ നിന്ന് റോഡ് സുരക്ഷയെക്കുറിച്ച് നേടിയ വിദഗ്ദ്ധപരിശീലനമാണ് പിൻബലം. എറണാകുളം വടക്കൻപറവൂർ ചേന്ദമംഗലം സ്വദേശിയായ രമേഷ് മുഖ്യപ്രാണൻ ഓടക്കുഴൽ വാദകനാകാൻ കാരണം അപ്പച്ചിയുടെ മകൻ വേണുവാണ്. തിരക്കിനിടയിലും ഗുരുക്കന്മാരെ വന്ദിക്കും. ദിവസവും ഒരു മണിക്കൂർ ഓടക്കുഴൽ വായിക്കും. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തുടർച്ചയായി 2 മണിക്കൂർ പുല്ലാങ്കുഴൽ കച്ചേരി നടത്തിയിട്ടുണ്ട്. ഇപ്പോൾ ഗുരുവായൂരിൽ ജോയിന്റ് ആർ.ടി.ഒയാണ്. വനംവകുപ്പ്, എക്സൈസ് വകുപ്പുകളുടെയും കേരള പൊലീസ് അക്കാഡമിയുടെയും ഔദ്യോഗിക ഫാക്കൽറ്റിയാണ്. 2022ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ നേടി.
പിതാവ് മുഖ്യപ്രാണൻ
സ്കൂൾ അദ്ധ്യാപകനായിരുന്ന പിതാവ് മുഖ്യപ്രാണന്റെ പേരാണ് സ്വന്തം പേരിനൊപ്പമുള്ളത്. വടക്കൻ പറവൂർ ശ്രീനാരായണ ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്ന മാതാവ് ഭാരതിക്കും പൂർവ വിദ്യാർത്ഥിയായ രമേഷിനും സ്കൂളിൽ ഒരുമിച്ച് സ്വീകരണം നൽകിയത് അടുത്തിടെയാണ്. വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ക്ലാർക്കായ മഞ്ജുളയാണ് ഭാര്യ. മക്കൾ ഡോ. വൈഷ്ണവിക്കും വിഷ്ണുപ്രിയയ്ക്കും (എൻജിനിയറിംഗ് വിദ്യാർത്ഥി, കോട്ടയം ആർ.ഐ.ടി) സംഗീതത്തോട് ആഭിമുഖ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |