സീപോർട്ട് റോഡിന് ശാപമോക്ഷം
കൊച്ചി: ഇരുപത് വർഷമായി മുടങ്ങിക്കിടന്ന സീപോർട്ട് എയർപോർട്ട് റോഡിന്റെ നിർമ്മാണതടസം നീങ്ങിയെങ്കിലും, അനുദിനം വളരുന്ന എറണാകുളം ജില്ലയിൽ ഗതാഗതസൗകര്യം വർദ്ധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ മന്ദഗതിയിൽ. കൊച്ചിയെ കിഴക്കൻ മേഖലകളുമായും സമീപജില്ലകളുമായും ബന്ധിപ്പിക്കുന്ന പദ്ധതികളാണ് ഇഴയുന്നത്.
ദേശീയപാത 66ന്റെ നിർമ്മാണം പുരോഗമിക്കുമ്പോഴും അനുബന്ധ പാതകളുടെ പദ്ധതികൾ മുന്നേറുന്നില്ല. ഇൻഫോപാർക്ക് നാലാംഘട്ടം ഉൾപ്പെടെ നിരവധി വൻകിട വികസനപദ്ധതികൾ നിർമ്മാണ, ആസൂത്രണ ഘട്ടങ്ങളിലാണ്. അവയ്‌ക്ക് പിന്തുണയാകേണ്ട റോഡുകളും ബൈപ്പാസുകളുമുൾപ്പെടെ പദ്ധതികൾ വർഷങ്ങളായി എങ്ങുമെത്താതെ തുടരുകയാണ്.
കുണ്ടന്നൂർ - അങ്കമാലി
അങ്കമാലിയിൽ ആരംഭിച്ച് കാലടി, പുത്തൻകുരിശ് വഴി കുണ്ടന്നൂരിൽ അവസാനിക്കുന്ന നിർദ്ദിഷ്ട ബൈപ്പാസ് നടപടികൾ നീളുകയാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ സ്ഥലമെടുപ്പ് ആരംഭിച്ചിട്ടില്ല. 44.7 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 750 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ട പദ്ധതിക്കായി സർവേ പൂർത്തീകരിച്ചത് 160 ഏക്കറിലാണ്.
തങ്കളം - കാക്കനാട്
കോതമംഗലം തങ്കളം മുതൽ കാക്കനാട് വരെ നാലുവരിപ്പാത നിർമ്മാണം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും കാര്യമായി മുന്നേറിയിട്ടില്ല. ജില്ലാ ആസ്ഥാനമായ കാക്കനാടിനെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ഇൻഫോപാർക്ക്, കാക്കനാട്, തൃപ്പൂണിത്തുറ മേഖലകളിലേയ്‌ക്ക് യാത്ര എളുപ്പമാകേണ്ട പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പോലും പൂർത്തിയായിട്ടില്ല.
മൂവാറ്റുപുഴ - കാക്കനാട്
മൂവാറ്റുപുഴയിൽ ആരംഭിച്ച് പട്ടിമറ്റം, പള്ളിക്കര വഴി കാക്കനാട് വരെ നാലുവരിപ്പാത 10 വർഷത്തിന് മുമ്പ് പ്രഖ്യാപിച്ചതാണ്. നിർദ്ദിഷ്ട തങ്കളം കാക്കനാട് പാതയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപിച്ചത്. സർവേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല.
തിരുവാങ്കുളം- കുണ്ടന്നൂർ
മൂന്നു പതിറ്റാണ്ടായി എങ്ങുമെത്താത്ത പദ്ധതിയാണിത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ബൈപ്പാസ് പദ്ധതിയാണ്. തിരുവാങ്കുളത്ത് ആരംഭിച്ച് ഉദയംപേരൂർ വഴി കുണ്ടന്നൂരിൽ ദേശീയപാതയിൽ അവസാനിക്കും. ഒന്നിലേറെ അലൈൻമെന്റുകൾ തയ്യാറാക്കിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സ്ഥലം മരവിപ്പിച്ചതുമൂലം ക്രയവിക്രയം നടത്താൻ കഴിയാതെ ഭൂവുടമകൾ ദുരിതത്തിലുമാണ്.
എച്ച്.എം.ടി കടക്കാൻ വഴിയൊരുങ്ങി
നെടുമ്പാശേരി എയർപോർട്ടിനെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന സീപോർട്ട് എയർപോർട്ട് റോഡ് നിർമ്മാണസ്തംഭനത്തിന് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് ശാപമോക്ഷമായി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആരംഭിച്ച് കളമശേരി എച്ച്.എം.ടിയിലെത്തി സ്തംഭിച്ച നിർമ്മാണമാണ് പുനരാരംഭിക്കുന്നത്. വ്യവസായ
മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്നാണ് തടസം നീങ്ങിയത്.
എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള എച്ച്.എം.ടിയുടെ 1.4015 ഹെക്ടറും എൻ.എ.ഡി.യുടെ 2.4967 ഹെക്ടറും ലഭിച്ചു.
എച്ച്.എം.ടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കും.
എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള 6.5 കിലോമീറ്ററിന് ടെൻഡർ ഡിസംബറിൽ പുറപ്പെടുവിക്കും.
നടപ്പാകാത്ത ബൈപ്പാസുകൾ
കോതമംഗലം, മൂവാറ്റുപുഴ, കാലടി, അങ്കമാലി, പെരുമ്പാവൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |