താമരശ്ശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് സംഘർഷ സമയത്ത് സ്ഥലത്തില്ലാത്തവരെ കേസിൽ നിന്ന് ഒഴിവാക്കാൻ സാദ്ധ്യതയുള്ളതായി സൂചന. ഇതു സംബന്ധിച്ച് പൊലീസ് സർക്കുലർ ഇറക്കുമെന്നാണ് വിവരം. രാപകൽ സമരത്തിന്റെ ഭാഗമായി സമരസ്ഥലത്ത് തന്നെ ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നെങ്കിലും ചിലർ സ്വന്തം വീടുകളിലാണ് ഭക്ഷണം കഴിക്കാൻ പോയത്. വെെകിട്ട് നാലിനാണ് സംഘർഷമുണ്ടായത്. മറ്റ് ആവശ്യങ്ങൾക്ക് പോയതിനെ തുടർന്നും ഈ സമയത്ത് സ്ഥലത്തില്ലാത്തവരുണ്ട്. അഞ്ഞൂറോളം പേർക്കെതിരെയാണ് പൊലീസ് എട്ട് കേസുകളെടുത്തിട്ടുള്ളത്. അതേസമയം പ്രതികളെ പിടികൂടാൻ റെയ്ഡ് തുടരുകയാണ്. പലരും ഒളിവിലാണ്. അതിനിടെ മൂന്നു പേരെക്കൂടി ശനിയാഴ്ച വെെകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കുടുക്കിൽ ഉമ്മരം ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44), കരിമ്പാലൻകുന്ന് ജിതിൻ വിനോദ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവർ ഒമ്പതായി. ഇതിൽ മുഹമ്മദ് ബഷീർ, ഷബാദ് എന്നിവരെ നോട്ടീസ് നൽകി വിട്ടയച്ചു. ഇവർ വഴി തടസപ്പെടുത്തിയ കേസിൽ മാത്രം ഉൾപ്പെട്ടവരാണ്.
സർവ കക്ഷിയോഗം മറ്റന്നാൾ
ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിളിച്ച സർവകക്ഷി യോഗം ബുധാനഴ്ച നടക്കും. അതിനു മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവരോട് ഫ്രഷ് കട്ട് പ്ളാന്റ് സന്ദർശിച്ച് മാലിന്യ പ്രശ്നം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിലെ വിവരങ്ങളും യോഗം ചർച്ച ചെയ്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |