
തുറവൂർ: രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്.
ദേശീയപാത 66ൽ തുറവൂർ–അരൂർ ഉയരപ്പാതയിലെ അവസാനത്തെ ഗാർഡർ സ്ഥാപിക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുന്നു. ചന്തിരൂർ സ്‌കൂളിന് മുൻവശം മുതൽ അരൂർ പള്ളി കവലവരെയാണ് അഞ്ചാം റീച്ച്. ഇവിടെ ഗാർഡറുകൾ സ്ഥാപിക്കാനുണ്ട്. അരൂർ എ.ആർ റസിഡൻസി ഹോട്ടലിന് മുന്നിലും അരൂർപള്ളി ജംഗ്ഷനിലും ഒറ്റ തൂണുകളിലും ഗാർഡറുകൾ സ്ഥാപിക്കാനുണ്ട്. ഈ ഭാഗങ്ങളിൽ പാതയ്ക്ക് കുറുകെ 110 കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്നതായിരുന്നു തടസം. ഇത് ഭാഗീകമായി നീക്കിയിട്ടുണ്ട്. ഇതിൽ പള്ളിക്കവലയിൽ വൈദ്യുതി ലൈൻ ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.12. 75കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 75 ശതമാനം നിർമ്മാണവും പൂർത്തിയായി. ഇനി അഞ്ച് മാസം മാത്രമാണ് കരാർ കാലാവധിയിൽ ബാക്കിയുള്ളത്. 9.65 കിലോമീറ്റർ ദൂരം ഒറ്റത്തൂണിന് മുകളിൽ ഗാർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു.ചന്തിരൂർ,കുത്തിയതോട്,അരൂർ എന്നിവിടങ്ങളിൽ റാമ്പ് നിർമ്മാണവും പുരോഗമിക്കുകയാണ്.എരമല്ലൂർ മോഹം ആശുപത്രിക്ക് സമീപം ടോൾ പ്ലാസയുടെ നിർമ്മാണവും നടക്കുന്നുണ്ട്. 354 തൂണുകൾക്ക് മുകളിൽ 24.5 മീറ്റർ വിതിയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത പൂർത്തിയാകുന്നത്. ഓരോ തൂണുകൾക്കിടയിലും 7 കോൺക്രീറ്റ് ഗാർഡുകളാണുള്ളത്.എന്നാൽ ടോൾ പ്ലാസ നിർമ്മിക്കുന്ന എരമല്ലൂർ കവലയ്ക്ക് തെക്കുഭാഗത്ത് 12 ഗാർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. കുത്തിയതോട്,ചന്തിരൂർ പാലങ്ങൾക്കു മുകളിൽ സ്റ്റീൽ ഗാർഡറുകൾ സ്ഥാപിച്ചു. അതേസമയം, ഇടവിട്ടുള്ള മഴയും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണ ഇല്ലായ്മയും കാനനിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്.എങ്കിലും സമയബന്ധിതമായി ഉയരപ്പാത നിർമ്മാണം പൂർത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കരാർ കമ്പനിയും അധികാരികളും.
തുറവൂർ–അരൂർ
ഉയരപ്പാത
ദൈർഘ്യം :12.75 കി.മീറ്റർ
വീതി: 24.5 മീറ്റർ
തൂണുകൾ : 354
പൂർത്തിയായത്:
75 ശതമാനം
പൊലിഞ്ഞത് 43 ജീവനുകൾ
തുറവൂർ–അരൂർ ഉയരപ്പാത നിർമ്മാണ ആരംഭിച്ചതിന് ശേഷം വ്യത്യസ്ത അപകടങ്ങളിൽ ഇതുവരെ
പൊലിഞ്ഞത് 43 ജീവനുകൾ. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുവശങ്ങളിലേയും സർവീസ് റോഡുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങൾക്ക് കാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് പോകുകയായിരുന്ന രാേഗി, വാഹനം തിരക്കിൽപ്പെട്ട് യാത്രാ മദ്ധ്യേ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കാൻ പൊലീസ് അധികൃതർ തയ്യാറാകാത്തതാണ് പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണം. കളക്ടറുടെ അടിയന്തര ഇടപെടൽ ഉണ്ടാകാണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |