
കോഴഞ്ചേരി : ചെറുകോൽപ്പുഴയ്ക്ക് സമീപം പമ്പാനദിയിൽ കാഞ്ഞീറ്റുകര ശ്രീധർമ്മശാസ്താ ക്ഷേത്ര ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം വിതുര തുളിക്കോട് അനസ് മൻസിലിൽ മുഹമ്മദ് അനസിനെ കാണാതായിട്ട് 14 ദിവസം. അടയ്ക്കയും പഴങ്ങളും കർഷകരിൽ നിന്ന് ശേഖരിച്ച് വ്യാപാരം ചെയ്തു വന്നിരുന്ന അനസും സുഹൃത്ത് അയൂബും പ്രദേശവാസി ഹരികുമാറുമൊത്ത് കഴിഞ്ഞ 13ന് വൈകിട്ട് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെടുകയായിരുന്നു. നീന്തൽ വശമില്ലാത്ത അനസിനെ രക്ഷിക്കാൻ ഹരികുമാർ ശ്രമിച്ചെങ്കിലും നദിയിൽ കാണാതായി. ഫയർഫോഴ്സും സ്കൂബാ ടീമും ആറ് ദിവസം നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ കളക്ടർ ഇടപെട്ട് രണ്ടുദിവസം നേവിയുടെ ടീം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അനസിന്റെ ഇളയ സഹോദരൻ മുഹമ്മദ് അസീം, സഹോദരി ഭർത്താവ് ഷാൻ , ഭാര്യ പിതാവ്, സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന പത്തോളം പേർ പ്രദേശത്ത് തങ്ങി ഓരോ ദിവസവും തെരച്ചിലിനൊപ്പം കൂടുകയാണ്. ഔദ്യോഗിക സംഘം തെരച്ചിൽ അവസാനിപ്പിച്ചതോടെ ഈരാറ്റുപേട്ട ആസ്ഥാനമായുള്ള നന്മക്കൂട്ടം , എമർജൻസി ടീം എന്നീ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞ അഞ്ചു ദിവസമായി പടിഞ്ഞാറ് വീയപുരം വരെ തെരച്ചിൽ നടത്തി. കനത്ത മഴയിൽ ജലനിരപ്പുയർന്നത് തെരച്ചിലിന് തടസമായി. ഭാര്യ സജീല, പിഞ്ചു മക്കളായ അദീം (6), ഐസാൻ (2) എന്നിവരുടെ ആശ്രയമായിരുന്നു അനസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |