
പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് കപ്പ് ആതിഥേയരായ തിരുവനന്തപുരം ഉയർത്തും
തിരുവനന്തപുരം: എട്ടുനാൾ കൗമാരപ്പടയോട്ടത്തിലൂടെ അനന്തപുരിയെ ആവേശത്തിൽ ആറാടിച്ച ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്രി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിൽ നിന്ന് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിച്ച തിരുവനന്തപുരം ഓവറാൾ ചാമ്പ്യന്മാർക്കാള്ള മുഖ്യമന്ത്രിയുടെ പേരിലുള്ള നൂറ്റിപ്പതിനേഴര പവന്റെ പ്രഥമ സ്വർണക്കപ്പ് ഏറ്റുവാങ്ങും. നിലവിലെ ചാമ്പ്യൻമാരായ മലപ്പുറവും പാലക്കാടും പൊരുതുന്ന അത്‌ലറ്രിക്‌സിലെ ഓവറോൾ ചാമ്പ്യൻമാരെ ഇന്ന് നടക്കുന്ന ഫൈനലുകൾക്ക് ശേഷമേ അറിയാനാകൂ. അത്‌ലറ്റിക്സിലെ വ്യക്തിഗത ചാമ്പ്യൻമാരെയും ഇന്ന് പ്രഖ്യാപിക്കും.
അനന്തപുരിയുടെ പട്ടാഭിഷേകം
ഒളിമ്പിക്സ് മാതൃകയിൽ ആക്കിയ ശേഷമുള്ള സ്‌കൂൾ കായിക മേളയുടെ രണ്ടാമത്തെ എഡിഷനിലും ഓവറോൾ ചാമ്പ്യൻമാരാകുന്നത് തിരുവനന്തപുരം തന്നെയാണ്. കഴിഞ്ഞ തവണ കൊച്ചിയിൽ ഗെയിംസിലും നീന്തലിലും അത്‌ലറ്റിക്‌സിലും പുറത്തെടുത്ത മികവ് സ്വന്തം തട്ടകത്തിലും തലസ്ഥാനത്തിന്റെ താരങ്ങൾ തുടരുകയായിരുന്നു. ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ സ്വർണ നേട്ടത്തിൽ ഇരട്ട സെഞ്ച്വറി തികച്ച തിരുവനന്തപുരം 202 സ്വർണവും 114 വെള്ളിയും 170 വെങ്കലവുമുൾപ്പെടെ 1807 പോയിന്റ് നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 90 സ്വർണവും 54 വെള്ളിയും 107 വെങ്കലവും ഉൾപ്പെടെ 870 പോയിന്റാണുള്ളത്. 80 സ്വർണവും 76 വെള്ളിയും 85 വെങ്കലവുമുൾപ്പെടെ 838 പോയിന്റുള്ള കണ്ണൂർ തൃശൂരിന് തൊട്ട് പിന്നിലുണ്ട്.
മലപ്പുറവും പാലക്കാടും തമ്മിൽ
അത്‌ലറ്രിക്‌സിൽ അവസാന ദിവസം അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം തന്നെ ഓവറോൾ കിരീടത്തിൽ മുത്തമിടും. ഇന്നലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 17 സ്വർണവും 25 വെള്ളിയും 21 വെങ്കലവുമുൾപ്പെടെ 190 പോയിന്റാണ് മലപ്പുറത്തിനുള്ളത്. സ്വർണക്കണക്കിൽ കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണയും മലപ്പുറത്തേക്കാൾ മുന്നിലുള്ള പാലക്കാട് 21 സ്വർണവും 13 വെള്ളിയും 8 വെങ്കലവുമുൾപ്പെടെ 167 പോയിന്റുമായാണ് മുന്നിൽ നിൽക്കുന്നത്. 9 വീതം സ്വർണവും വെള്ളിയും 6 വെങ്കലവുമുൾപ്പെടെ 81 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. 7 സ്വർണവും 5 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 54 പോയിന്റുള്ള ആതിഥേയരായ തിരുവനന്തപുരം നാലാമതുണ്ട്. വർഷങ്ങളോളം ഒരുകാലത്ത് ഓവറോൾ ചാമ്പ്യൻമാരായിരുന്ന എറണാകുളം 7 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമുൾപ്പടെെ 46 പോയിന്റമായി അഞ്ചാം സ്ഥാനത്തുണ്ട്.
ഐഡിയൽ കുതിക്കുന്നു
സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി 7 സ്വർണവും 9 വെള്ളിയും 8 വെങ്കലവുമുൾപ്പെടെ 70 പോയിന്റുമായി ഇത്തവണയും ഒന്നാം സ്ഥാനത്തുണ്ട്. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് 5 സ്വർണവും 6 വീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 49 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 6 സ്വർണവും 3 വീതം വെള്ളിയും വെങ്കലവുമുൾപ്പെടെ 42 പോയിന്റുമായി പാലക്കാട് വടവന്നൂർ എച്ച്.എസാണ് മൂന്നാമത്.
അൻവിക അതിമനോഹരം
അത്‌ലറ്രിക്‌സിന്റെ ആറാം ദിവസമായ ഇന്നലെ ഒരു റെക്കാഡാണ് പിറന്നത്. സബ്‌ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ കണ്ണൂരിന്റെ അൻവിക 11.31 മീറ്റർ എറിഞ്ഞ് റെക്കാഡ് പുസ്‌തകത്തിൽ ഇടം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |