
ന്യൂഡൽഹി: തെരുവു നായ പ്രശ്നത്തിൽ കേരളമടക്കം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ടു ഹാജരാകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എ.ബി.സി ചട്ടങ്ങൾ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കിയെന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് നടപടി. ഹാജരായില്ലെങ്കിൽ കനത്ത പിഴയും കടുത്ത നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പശ്ചിമബംഗാളും തെലങ്കാനയും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. മൂന്നിന് കേസ് പരിഗണിക്കുമ്പോൾ കോടതി മുറിയിൽ സ്ഥലം തികഞ്ഞില്ലെങ്കിൽ ഓഡിറ്റോറിയത്തിലേക്കു മാറ്റും. ഡൽഹിയിലെ തെരുവുനായ പ്രശ്‌നത്തിൽ സ്വമേധയാ എടുത്ത കേസാണിത്. രാജ്യവ്യാപക പ്രശ്‌നമായതിനാൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കിയിരുന്നു. ശാശ്വത പരിഹാരത്തിന് ദേശീയനയം വേണമെന്ന് കഴിഞ്ഞ ആഗസ്റ്റ് 22ന് കോടതി വ്യക്തമാക്കിയിരുന്നു. അന്നാണ് ചീഫ് സെക്രട്ടറിമാരോട് സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവിട്ടിരുന്നത്.
മനുഷ്യരോടുള്ള ക്രൂരത
സത്യവാങ്മൂലം നൽകാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി തെരുവുനായ പ്രശ്‌നത്തിന് അറുതിയുണ്ടാകുന്നില്ലെന്ന വികാരം ആവർത്തിച്ചു. വിദേശ രാജ്യങ്ങളുടെ മുന്നിൽ ഇതുമൂലം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാകുന്ന സ്ഥിതിയാണ്. നായകൾക്കെതിരെയും ക്രൂരത നടക്കുന്നുവെന്ന് മൃഗസ്‌നേഹികളുടെ സംഘടന ചൂണ്ടിക്കാണിച്ചപ്പോൾ, 'മനുഷ്യർക്ക് നേരെയുണ്ടാകുന്ന ക്രൂരത"യെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോടതി തിരിച്ചുചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |