
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ മുന്നിൽ സൂപ്പർതാരം വിജയ് വിതുമ്പി കരഞ്ഞു. അവരോട് മാപ്പപേക്ഷിച്ചു. ജീവിതകാലം മുഴുവൻ കുടംബത്തിലെ ഒരംഗമായി അവരോടൊപ്പമുണ്ടാകുമെന്ന് വാക്ക് നൽകി. ഇന്നലെ മഹാബലിപുരം പൂഞ്ചേരിയിലെ ഹോട്ടലിൽ വച്ചായിരുന്നു ടി.വി.കെ അദ്ധ്യക്ഷൻ വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരെ കണ്ടത്.
മരിച്ചവരുടെ ആശ്രിതരുടെ വിവാഹം,വിദ്യാഭ്യാസം,ചികിത്സ തുടങ്ങിയ എല്ലാ ചെലവുകളും വഹിക്കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. തൊഴിൽ ഇല്ലാത്തവർക്ക് അത് കണ്ടെത്താൻ സഹായിക്കും. കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ അപകടത്തിൽ മരിച്ച 41 പേരിൽ 37 പേരുടെ ആശ്രിതരാണ് മഹാബലിപുരത്ത് എത്തിയത്. ഇവരെ ബസുകളിൽ ടി.വി.കെ പ്രവർത്തകർ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരും അവരുടെ ബന്ധുക്കളും എത്തിയിരുന്നു.
മരിച്ചവരുടെ ഫോട്ടോകളിൽ പുഷ്പാർച്ചന നടത്തി ഒരോരുത്തരുടേയും ബന്ധുക്കളെ വിജയ് വെവ്വേറെ കാണുകയായിരുന്നു. അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ചു.
റോഡ് ഷോ: എസ്.ഒ.പി ഉടൻ തയ്യാറാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഷോകൾക്കുള്ള മാതൃകാ നടപടിക്രമം (എസ്.ഒ.പി) 10 ദിവസത്തിനുള്ളിൽ തയ്യാറാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നവംബർ 11ന് കോടതിയിൽ എസ്.ഒ.പിയുടെ കരട് സമർപ്പിക്കണം. കരൂരിൽ വിജയ് നയിച്ച ടി.വി.കെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ,ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിർദ്ദേശം.
സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ പാർട്ടികൾക്ക് മതിയായ സമയം ലഭിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞു. എസ്.ഒ.പി മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ഉൾപ്പെടെയുള്ള മറ്റ് കക്ഷികളിൽ നിന്ന് നിർദ്ദേശങ്ങൾ തേടാനും കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. എസ്.ഒ.പി രൂപീകരിക്കുന്നതുവരെ ഒരു കക്ഷിക്കും റോഡ് ഷോകൾ നടത്താൻ അനുമതി നൽകില്ലെന്നും നിശ്ചിത സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ജി. രവീന്ദ്രൻ വ്യക്തമാക്കി. മറ്റ് പാർട്ടികളിൽ നിന്നും ഭിന്നമായി ടി.വി.കെ പരിപാടികൾക്കാണ് സർക്കാർ അനുമതി നിഷേധിക്കുന്നതെന്ന് ടി.വി.കെയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഘവാചാരി കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |